Connect with us

Editorial

ശശി തരൂരിന് തെറ്റുപറ്റിയോ?

Published

|

Last Updated

കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ “ഹിന്ദു പാക്കിസ്ഥാന്‍” പരാമര്‍ശം ദേശീയ രാഷ്ട്രീയത്തില്‍ വിവാദമായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തിലേറിയാല്‍ ഇന്ത്യയെ “ഹിന്ദു പാക്കിസ്ഥാന്‍” ആക്കുമെന്ന് തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിലാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിനും ഹിന്ദുക്കള്‍ക്കുമെതിരായ ആക്രമണമാണ് ഈ വാക്കുകളെന്ന് ബി ജെ പി നേതൃത്വം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും പ്രസ്താവനയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. നേതാക്കള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വവും ശ്രദ്ധയും പുലര്‍ത്തണമെന്ന് തരൂരിനെ ഉപദേശിക്കുകയും ചെയ്തു. അഭിഭാഷകനായ സുമീത് ചൗധരി തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അന്യായത്തില്‍ തരൂരിനെതിരെ കേസെടുക്കാനും ആഗസ്റ്റ് 14ന് നേരിട്ട് കോടതിയില്‍ ഹാജാരാകാനും ആവശ്യപ്പെട്ടിരിക്കയാണ്. അതേസമയം തരൂരിന്റെ പ്രസ്താവനയില്‍ ഒട്ടും അപാകതയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നുമാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ പ്രതികരണം.

വിവാദങ്ങള്‍ക്ക് ശേഷവും തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലിമെന്റില്‍ ഇനിയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയാല്‍ ഇന്ത്യയെ ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം ബി ജെ പി സര്‍ക്കാര്‍ മാറ്റം വരുത്തും. അങ്ങനെ തിരുത്തിയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും അബുല്‍ കലാം ആസാദും വിഭാവന ചെയ്ത ഇന്ത്യയാകില്ല അതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്. മുമ്പും ഞാന്‍ ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പാണെന്നും തരൂര്‍ ആവര്‍ത്തിക്കുന്നു.

ആവശ്യമില്ലാത്ത ഒരു വിവാദമാണിത്. സത്യത്തില്‍ തരൂര്‍ പുതിയൊരു കാര്യവും പറഞ്ഞിട്ടില്ല. ബി ജെ പിയുടെ ഭരണത്തുടര്‍ച്ച അപകടകരമാണെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാകുകയായിരിക്കും അനന്തര ഫലമെന്നും മുമ്പും പല മതേതര നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ആര്‍ എസ് എസിന്റെ അജന്‍ഡയിലുള്ള കാര്യമാണെന്ന് അവരുടെ നേതാക്കളുടെ നാവിലൂടെ തന്നെ പുറത്തുവന്നതുമാണ്. ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന് ആര്‍ എസ് എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യ പരസ്യമായി ആവശ്യപ്പെട്ടത് അടുത്തിടെയാണ്. “അപൂര്‍ണവും അവ്യക്തവുമാണ് നമ്മുടെ ഭരണഘടന; ഇന്ത്യയുടെ സംസ്‌കാരം നാലായിരത്തോളം വര്‍ഷം പഴക്കമുള്ളതാണ്; നിലവിലെ ഭരണഘടന ആ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ല. പൗരാണിക സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ അത് മാറ്റിയെഴുതുമെന്നും പുതിയ ഭരണഘടനയുടെ ഡ്രാഫ്റ്റ് കോപ്പി തയ്യാറാക്കുകയായിരിക്കും വരും വര്‍ഷങ്ങളില്‍ തന്റെ മുഖ്യദൗത്യമെന്നും” ദി വയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഗോവിന്ദാചാര്യ പറഞ്ഞത്. 2000ല്‍ മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടനാ പരിഷ്‌കരണത്തിന് ലക്‌നൗ സന്യാസി സന്‍സദ് ആവശ്യപ്പെട്ടതും വാജ്‌പേയി പ്രശ്‌ന പഠനത്തിനു കമ്മിറ്റിയെ ഏല്‍പ്പിച്ചതും ഇതോട് ചേര്‍ത്ത് വായിക്കണം. 2023ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യവുമായി സനാതന്‍ സന്‍സ്തയുടെയും സഹോദര സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുടെയും നേതൃത്വത്തില്‍ രാജ്യത്തെ 150 ഹിന്ദുത്വ സംഘടനകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതായുള്ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടും വായിക്കണം.

ഇന്ത്യയെ ഹിന്ദുത്വവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ അണിയറയില്‍ തകൃതിയായ നീക്കങ്ങള്‍ നടത്തുന്നത് രഹസ്യമല്ല. അതിന്റെ മുന്നോടിയായി കേന്ദ്ര സംസ്‌കാരിക വകുപ്പ് മന്ത്രിയും ആര്‍ എസ് എസ് നേതാവുമായ മഹേഷ് ശര്‍മയുടെ മുന്‍കൈയില്‍ ചരിത്രം മാറ്റിയെഴുതുന്നതിനായി 14 അംഗ സമിതിയെ നിയമിച്ച വിവരം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതാണ്. അത്ര സുതാര്യവും ലളിതവുമായിരിക്കില്ല സമിതിയുടെ പുതിയ ചരിത്ര നിര്‍മിതി. ലോകമെങ്ങുമുള്ള ഫാസിസ്റ്റ് ശക്തികള്‍ അധികാരം നിലനിര്‍ത്താനും തങ്ങളുടെ താത്പര്യ സംരക്ഷണത്തിനും ആയുധമാക്കിയത് ചരിത്രത്തിന്റെ തെറ്റായ പുനരാഖ്യാനത്തെയായിരുന്നു. സമാനമായ തന്ത്രങ്ങളും സമീപനങ്ങളും തന്നെയാണ് നിയോ നാസികളും വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ ശക്തിപ്പെടുന്ന ഫാസിസ്റ്റ് ശക്തികളും ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന പൈതൃകം ഹിന്ദുത്വയാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തില്‍ ബി ജെ പി സര്‍ക്കാറുകള്‍ ചരിത്രവും സാംസ്‌കാരിക പഠനങ്ങളും മാറ്റിയെഴുതുന്നതും അവ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും വെറുതെയല്ല. ഇത് കേവലം പാഠപുസ്തകങ്ങളുടെയോ ചരിത്ര പഠനത്തിന്റെയോ മാത്രം കാര്യമായി ചുരുക്കിക്കാണരുത്. ബഹുസ്വരമായ സംസ്‌കാരത്തില്‍ ഊന്നി സ്ഥാപിതമായ ഇന്ത്യന്‍ റിപ്പബ്ലിക് ഒരു മതത്തിന്റേത് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ്. അതിലപ്പുറം ന്യൂനപക്ഷ മതവിഭാഗങ്ങളെ അപരരായി മാറ്റിനിര്‍ത്തി രാഷ്ട്രീയാധികാരം കൈയാളുന്നതിന്റെ കൂടിയാണ്. .ക്വില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു പറ്റം ഗവേഷകര്‍ ക്രോഡീകരിച്ച വിവരങ്ങളനുസരിച്ച് 2014 മുതല്‍ ബീഫ് അടക്കമുള്ള വിഷയങ്ങളുടെ മറവില്‍ ആള്‍ക്കൂട്ടം അടിച്ചു കൊന്നത് 54 പേരെയാണ്. അതില്‍ 40 പേരും മുസ്‌ലിം ന്യൂനപക്ഷങ്ങളും. നിലവില്‍ മോദി സര്‍ക്കാറിന്റെ സ്ഥിതി ഇതാണെങ്കില്‍ ഭരണത്തുടര്‍ച്ചയുടെ ഫലം ഏത് സാമാന്യബുദ്ധിക്കും ഊഹിക്കാവുന്നതാണ്. ഇതു തന്നെയല്ലേ തരൂര്‍ പറഞ്ഞതും? കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ അരോചകമായി തോന്നിയതെന്നത് ദുരൂഹം.