രാമക്ഷേത്രം: വിവാദ പ്രസ്താവനയുമായി ഷാ;ഒടുവില്‍ തടിയൂരി

Posted on: July 15, 2018 9:47 am | Last updated: July 15, 2018 at 12:14 pm
SHARE

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയിലെ അപകടം മനസ്സിലാക്കി ബി ജെ പി തടിയൂരി. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രസ്താവനയാണ് നിമിഷങ്ങള്‍ക്കകം ബി ജെ പി നിഷേധിച്ചത്. സുപ്രീം കോടതി മുമ്പാകെ വിചാരണയിലിരിക്കുന്ന സങ്കീര്‍ണമായ വിഷയത്തില്‍ അമിത് ഷായുടെ പ്രസ്താവന ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി പാര്‍ട്ടി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി.

ദേശീയ എക്സിക്യൂട്ടീവ് അംഗം പെരള ശേഖര്‍ജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കി പാര്‍ട്ടി ഹൈദരാബാദ് ഘടകമാണ് രംഗത്തുവന്നത്. തെലങ്കാനയില്‍ നടന്ന ചടങ്ങില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഷാ പരാമര്‍ശിച്ചിട്ടില്ലെന്ന് നേതൃത്വം ട്വീറ്റ് ചെയ്തു. പാര്‍ട്ടി അധ്യക്ഷന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ട്വീറ്റില്‍ പറയുന്നു.

രാമക്ഷത്രം നിര്‍മിക്കാന്‍ ബി ജെ പി പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട വ്യവഹാരം തീരുമാനമാകുകയും മറ്റ് നിരവധി സാഹചര്യങ്ങള്‍ അനുകൂലമാകുകയും ചെയ്താല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ഷാ പറഞ്ഞത്. ഇതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്നും ബി ജെ പി ചൂണ്ടിക്കാട്ടി.

അതേസമയം, അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍ പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത് വന്നിരുന്നു. കോടതി മുമ്പാകെ നിലനില്‍ക്കുന്ന വിഷയത്തില്‍ അമിത് ഷായുടെ അഭിപ്രായപ്രകടനം അതിരുകവിഞ്ഞതാണെന്നും കോടതിയലക്ഷ്യമാണെന്നും ഉവൈസി പ്രതികരിച്ചു. എന്നാല്‍, പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകമാകും മുമ്പ് ബി ജെ പി തലയൂരുകയാണുണ്ടായത്.