കന്യാസ്ത്രീ ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയത് വാക്കാല്‍ മാത്രമെന്ന് പാലാ ബിഷപ്പ്

Posted on: July 14, 2018 4:55 pm | Last updated: July 14, 2018 at 7:14 pm
SHARE

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അന്വേഷണ സംഘം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴിയെടുത്തു. ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും വാക്കാല്‍ മാത്രാണ് പരാതി അറിയിച്ചതെന്നും പാലാ ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. പരാതി മേല്‍ഘടകത്തെ അറിയിക്കാന്‍ താന്‍ കന്യാസ്ത്രീയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി.

താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കാര്യം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോടും പാലാ ബിഷപ്പിനോടും പരാതി പറഞ്ഞിരുന്നുവെന്നും വത്തിക്കാന്റെ ഇന്ത്യന്‍ പ്രതിനിധിയേയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തതക്കായാണ് അന്വേഷണ സംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തത്.

അതേ സമയം കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ച ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകേണ്ടതുള്ളുവെന്നാണ് പോലീസിന്റെ നിലപാട്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാകുംവരെ രാജ്യംവിട്ടുപോകരുതെന്ന് ജലന്തര്‍ ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജലന്തര്‍ ബിഷപ്പിന്റേയും രൂപത നേത്യത്വത്തിന്റേയും നിലപാട്.