അറബ് ലോകത്തെ ആദ്യ ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ഖത്വറില്‍ ഒരുക്കങ്ങള്‍ തകൃതി; അറിഞ്ഞിരിക്കാം ഈ വിവരങ്ങള്‍

Posted on: July 14, 2018 4:16 pm | Last updated: July 14, 2018 at 5:33 pm
SHARE

അറബ് ലോകം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്വറില്‍ ഒരുക്കങ്ങള്‍ തകൃതി. മിഡില്‍ ഈസ്റ്റ് വടക്കന്‍ ആഫ്രിക്ക (മിന) മേഖല ആദ്യമായാണ് ലോകകപ്പിന് വേദിയാകുന്നത്. എട്ട് സ്റ്റേഡിയങ്ങളുടെയും മെട്രോ റെയില്‍, താമസസ്ഥലങ്ങള്‍ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളുടെയും നിര്‍മാണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ഖത്വറില്‍ നടക്കുന്നത്. ലോകകപ്പിന്റെ പരിശീലന ഗ്രൗണ്ടുകള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൈതാനത്ത് വിരിക്കുന്ന പുല്ല് ഖത്വറില്‍ തന്നെ വികസിപ്പിക്കുകയാണ്.

എട്ട് സ്റ്റേഡിയങ്ങള്‍
അല്‍ ബെയ്ത്, അല്‍ റയ്യാന്‍, അല്‍ തുമാമ, അല്‍ വക്‌റ, എജുക്കേഷന്‍ സിറ്റി, ഖലീഫ ഇന്റര്‍നാഷനല്‍, ലുസൈല്‍, റാസ് അബു അബൂദ് എന്നിവയാണ് സ്റ്റേഡിയങ്ങള്‍. ഇവയില്‍ ഖലീഫ ഇന്റര്‍നാഷനല്‍ ഒഴികെ ബാക്കിയുള്ളതെല്ലാം പുതുതായി നിര്‍മിക്കുകയാണ്. ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി 2017 മെയ് മാസം ലോകത്തിന് സമര്‍പ്പിച്ചിരുന്നു. ഖത്വറിന്റെയും അറബ് ലോകത്തിന്റെയും സമ്പന്നമായ പൈതൃകതത്തിന്റെയും നാഗരികതയുടെയും പ്രതിഫലനമാണ് സ്റ്റേഡിയങ്ങളുടെ രൂപകല്പന. അന്തരിച്ച ഇറാഖി- ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സാഹ ഹദീദിനെ പോലുള്ള ലോകോത്തര ഡിസൈനര്‍മാരാണ് സ്റ്റേഡിയങ്ങളുടെ രൂപകല്പനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പുറത്തെ അന്തരീക്ഷമല്ല അകത്ത്:
പുറത്ത് എന്ത് തന്നെയാണെങ്കിലും സ്റ്റേഡിയത്തിനുള്ളില്‍ സുഖകരമായ അന്തരീക്ഷമാണുണ്ടാകുക. ഇതിന് സഹായിക്കുന്ന ശീതീകരണ സംവിധാനമാണ് ഓരോ സ്റ്റേഡിയത്തിലുമുണ്ടാകുക. സാധാരണ ലോകകപ്പ് കാലങ്ങളില്‍ വ്യത്യസ്തമായി നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് ഖത്വര്‍ ലോകകപ്പ് എങ്കിലും ഈ സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. ഖത്വര്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് മേഖലയില്‍ ജൂണ്‍- ജൂലൈ മാസങ്ങളില്‍ 45- 50 ഡിഗ്രിയാണ് ശരാശരി അന്തരീക്ഷോഷ്മാവ്. നവംബര്‍- ഡിസംബര്‍ ആകുമ്പോഴും ഇത് വളരെയേറെ കുറയും. എങ്കില്‍ത്തന്നെയും കാലാവസ്ഥയിലെ മാറ്റം മുന്നില്‍ക്കണ്ടാണ് ശീതീകരണ സംവിധാനമൊരുക്കുന്നത്.
മെട്രോയില്‍ കയറി സ്റ്റേഡിയത്തിലെത്താം
മുന്‍ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ രാജ്യത്താണ് 2022ലെ ലോകകപ്പ് എന്നതിനാല്‍ കളിപ്രേമികള്‍ക്ക് സ്റ്റേഡിയങ്ങളിലെത്തല്‍ ദുരിതമാകില്ല. ഓരോ സ്റ്റേഡിയത്തെയും ബന്ധിപ്പിച്ച് മെട്രോ റെയില്‍ സംവിധാനം വികസിപ്പിക്കുന്നുണ്ട്. റോഡ് വഴിയുമെത്താം. വീല്‍ ചെയര്‍ റാമ്പുകള്‍, ലിഫ്റ്റുകള്‍ ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദ സ്റ്റേഡിയങ്ങളാണ് ഖത്വറില്‍ ഉയരുന്നത്.

ആവേശം തീര്‍ക്കാന്‍ എട്ട് സ്‌റ്റേഡിയങ്ങള്‍

അല്‍ ബെയ്ത് സ്റ്റേഡിയം: ഖത്വരി- അറബ് പാരമ്പര്യം മുഴച്ചുനില്‍ക്കുന്ന രൂപകല്പനയാണ് ഇതിന്റെത്. പരമ്പരാഗത അറബി ടെന്റ് മാതൃകയിലാണ് ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന അല്‍ ഖോര്‍ നഗരത്തില്‍ നിര്‍മിക്കുന്ന ഈ സ്റ്റേഡിയം. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റേഡിയത്തില്‍ അറുപതിനായിരം പേരെ ഉള്‍ക്കൊള്ളും.

അല്‍ റയ്യാന്‍ സ്റ്റേഡിയം: മരുഭൂമിയുടെ കവാടം എന്നറിയപ്പെടുന്ന ദോഹ നഗരത്തോട് അടുത്തുനില്‍ക്കുന്ന റയ്യാന്‍ പ്രദേശത്താണ് സ്റ്റേഡിയം ഉയരുന്നത്. മരുഭൂമിയുടെ സൗന്ദര്യത്തെ അടുത്തറിയാന്‍ സാധിക്കുന്നതാണിത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തിന് 40000 പേരെ ഉള്‍ക്കൊള്ളാനാകും.

അല്‍ തുമാമ സ്റ്റേഡിയം: ദോഹയുടെ 12 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്ന തുമാമ സ്റ്റേഡിയം നിര്‍മിക്കുന്നത് അറബി പുരുഷന്മാര്‍ തലയില്‍ ധരിക്കുന്ന ഗഹ്ഫിയ്യ തൊപ്പിയുടെ മാതൃകയിലാണ്. കടലിന് അഭിമുഖമായുള്ള സ്റ്റേഡിയം പ്രകൃതി സൗന്ദര്യ ആസ്വാദനത്തിന് പറ്റിയയിടമാകും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ 40000 പേരെ ഉള്‍ക്കൊള്ളും.

അല്‍ വക്‌റ സ്റ്റേഡിയം: ഇറാഖി- ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സാഹ ഹദീദിന്റെ രൂപകല്പനയില്‍ ഉയരുന്ന സ്റ്റേഡിയം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്കാണ് വേദിയാകുക. 40000 ആണ് സീറ്റിംഗ് ശേഷി.

എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം: ഖത്വറിന്റെ വിദ്യാഭ്യാസ സിരാകേന്ദ്രമായ എജുക്കേഷന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 40000 പേരെ ഉള്‍ക്കൊള്ളും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെയുണ്ടാകുക.

ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം: ലോകകപ്പിന് വേണ്ടി ആദ്യമായി സജ്ജമായ സ്റ്റേഡിയമാണിത്. 1976ല്‍ അല്‍ റയ്യാനില്‍ നിര്‍മിച്ച ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി ലോകോത്തര സംവിധാനങ്ങള്‍ ഒരുക്കി നവീകരിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ്, ഗള്‍ഫ് കപ്പ്, എ എഫ് സി ഏഷ്യന്‍ കപ്പ് അടക്കമുള്ള പ്രധാന കായികമാമാങ്കങ്ങള്‍ക്ക് ഖലീഫ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 40000 പേരെ ഉള്‍ക്കൊള്ളും.

ലുസൈല്‍ സ്റ്റേഡിയം: ലോകകപ്പ് മുന്നില്‍ക്കണ്ട് പുതുതായി നിര്‍മിക്കുന്ന ലുസൈല്‍ നഗരത്തിലാണ് ഈ സ്റ്റേഡിയം. ദോഹയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്ക് മാറിയാണ് നഗരം നിര്‍മിക്കുന്നത്. ലോകകപ്പിന്റെ കിക്കോഫും ഫൈനല്‍ മത്സരവും ലുസൈലിലാണ് അരങ്ങേറുക.

റാസ് അബു അബൂദ് സ്റ്റേഡിയം: അനിതരസാധാരണ രീതിയിലാണ് കടലിനഭിമുഖമായി ഉയരുന്ന ഈ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഭാവിയില്‍ ഇളക്കിമാറ്റാവുന്ന രീതിയില്‍ ഉയരുന്ന സ്റ്റേഡിയം കണ്ടെയ്‌നറുകള്‍ അടുക്കിവെച്ച രീതിയിലാണുണ്ടാകുക. നാല്‍പ്പതിനായിരം പേരെ ഉള്‍ക്കൊള്ളും.

ലോകകപ്പാനന്തരം വെള്ളാനയാകില്ല:

ലോകകപ്പിന്റെ ബാക്കിപത്രമായി ഒന്നിനും പറ്റാത്ത നിലയിലേക്ക് സ്റ്റേഡിയങ്ങളോ അനുബന്ധ സൗകര്യങ്ങളോ മാറില്ലെന്ന് ഖത്വര്‍ ഉറപ്പുപറയുന്നു. സ്റ്റേഡിയങ്ങളുടെ സീറ്റിംഗ് ശേഷി പകുതിവരെയായി കുറച്ച് ഫുട്‌ബോള്‍ പതുക്കെ വികസിക്കുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് കൈമാറാനാണ് ഖത്വര്‍ ഉദ്ദേശിക്കുന്നത്.

തയ്യാറാക്കിയത്: പി എ കബീര്‍

LEAVE A REPLY

Please enter your comment!
Please enter your name here