ക്രൊയേഷ്യന്‍ കോച്ച് ഗള്‍ഫിലും താരം

Posted on: July 14, 2018 3:50 pm | Last updated: July 14, 2018 at 3:50 pm
SHARE

ദുബൈ: ലോക കപ്പ് ഫുടബോളില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് ഗള്‍ഫ് മേഖലയില്‍ ഇഷ്ട താരം. സഊദിയിലെ അല്‍ ഹിലാലിനെയും യു എ ഇ യിലെ അല്‍ ഐനിനെയും ലീഗ്, വന്‍കര മല്‍സരങ്ങളില്‍ വിജയങ്ങളിലേക്കു നയിച്ച പരിശീലകനാണു അദ്ദേഹം.

യുഎഇ പ്രഫഷനല്‍ ലീഗില്‍ മികച്ച റെക്കോര്‍ഡുള്ള പരിശീലകനാണ് ഡാലിച്ച്. ലോക റാങ്കിംങ്ങില്‍ 335-ാം സ്ഥാനത്തു നിന്നിരുന്ന അല്‍ ഐനെ രണ്ടു വര്‍ഷം കൊണ്ട് 122-ാം റാങ്കില്‍ എത്തിച്ചു. 2016ല്‍ ഡാലിച്ചിന്റെ പരിശീലനത്തില്‍ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലുമെത്തി ക്ലബ്. ടീം ഫൈനലിലെത്തിയതോടെ ഡാലിച്ചിന് ക്രൊയേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആശംസാ സന്ദേശങ്ങള്‍ എത്തുന്നത് അറബ് നാടുകളില്‍ നിന്നുമാണ്. അവയെല്ലാം ഡാലിച്ച് തന്റെ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നു.

അല്‍ ഐനില്‍ നിന്നും ഡാലിച്ച് തിരിച്ച് ക്രൊയേഷ്യയിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. ടീം ലോകകപ്പിനു യോഗ്യത നേടാന്‍ വിഷമിച്ചതോടെ കോച്ച് ആന്റെ സാസിച്ചിനെ പുറത്താക്കിയ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രക്ഷകനെ കണ്ടത് ഡാലിച്ചിലായിരുന്നു. ടീം ലോകകപ്പിന് യോഗ്യത നേടിയാല്‍ മാത്രമേ കരാര്‍ ഒപ്പിടൂ എന്നായിരുന്നു അന്ന് ഡാലിച്ചിന്റെ വാക്കുകള്‍. യുക്രെയ്‌നെതിരെ 2-0 വിജയത്തോടെ തുടങ്ങിയ ഡാലിച്ചിന്റെ ടീം പിന്നീട് ഗ്രീസിനെ തോല്‍പ്പിച്ച് ലോകകപ്പിനു യോഗ്യത നേടി. ഡാലിച്ച് മൂന്നു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു.