കുമ്പസാര രഹസ്യം മറയാക്കി പീഡനം; മുന്‍കൂര്‍ ജാമ്യം തേടി ഒന്നാം പ്രതി സുപ്രീം കോടതിയില്‍

Posted on: July 14, 2018 12:14 pm | Last updated: July 14, 2018 at 5:32 pm
SHARE

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ ഒന്നാം പ്രതി ഫാ. അബ്രഹാം വര്‍ഗീസ് എന്ന സോണി വര്‍ഗീസ് ആണ് ജാമ്യാപേക്ഷ നല്‍കിയത്. വീട്ടമ്മ ബലാത്സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടികള്‍ ഊര്‍ജിതമാക്കിയതോടെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ പാസ്‌പോര്‍ട്ട് നേരത്തെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്.

കേസിലെ നാല് പ്രതികളില്‍ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു, മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് പിടിയിലായത്. ഫാദര്‍ സോണിയെ കൂടാതെ ഫാ.ജെയ്‌സ് കെ. ജോര്‍ജിനെയാണ് ഇനി അറസ്റ്റു ചെയ്യാനുള്ളത്. ഇവരുടെ മുന്‍കുര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
വൈദികര്‍ കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ അന്വേഷണ സംഘം വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

1999 മുതല്‍ വിവാഹിതയാകുന്ന 2002 വരെ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ മൊഴി. ഈ വിവരം കുമ്പസാരത്തിനിടെ യുവതി ഫാദര്‍ ജോബിനോട് പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോബ് യുവതിയെ പീഡിപ്പിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നാല് പേര്‍ക്കെതിരെ മാത്രമാണ് യുവതി മൊഴി നല്‍കിയത്.