സാകിര്‍ നായിക്കിനെ വിട്ടുനല്‍കാന്‍ ഇന്ത്യ ഉത്തരവിറക്കിയിട്ടില്ലെന്ന് മലേഷ്യ

Posted on: July 14, 2018 11:17 am | Last updated: July 14, 2018 at 11:17 am

ക്വലാലംപൂര്‍: വിവാദ സലഫീ പ്രചാരകന്‍ സാകിര്‍ നായിക് വിഷയത്തില്‍ പന്ത് ഇന്ത്യന്‍ കോര്‍ട്ടിലിട്ട് വീണ്ടും മലേഷ്യ. സാകിര്‍ നായിക്കിനെ തിരിച്ചയക്കുന്നതിനുള്ള ഉത്തരവ് ഇന്ത്യ ഇറക്കിയാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മലേഷ്യന്‍ മാനവവിഭവ ശേഷി മന്ത്രി എം കുലാ സെഗാരന്‍ വ്യക്തമാക്കി. ഇന്ത്യയുടെ വ്യവസ്ഥാപിതമായ ഉത്തരവിന് മലേഷ്യ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സാകിര്‍ നായിക്കിനെ തിരിച്ചയക്കുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായി. പക്ഷേ, ഡീപോര്‍ട്ടേഷന്‍ ഓര്‍ഡര്‍ ഇന്ത്യ ഇതുവരെ ഇറക്കിയിട്ടില്ല. ഉത്തരവ് ഇറങ്ങിക്കഴിഞ്ഞ ശേഷം മലേഷ്യന്‍ നിയമവ്യവസ്ഥയനുസരിച്ച് തീരുമാനമെടുക്കും. അടിസ്ഥാന പ്രശ്‌നം ഇന്ത്യയില്‍ നിന്നുള്ള ഉത്തരവ് മാത്രമാണെന്നും മന്ത്രി പറഞ്ഞു. തീവ്രവാദ ബന്ധമാരോപിച്ച് ഇന്ത്യ കേസെടുത്തതോടെയാണ് സാകിര്‍ നായിക് വിദേശത്തേക്ക് കടന്നത്.