ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: ശശി തരൂരിനെതിരെ കേസ്‌

Posted on: July 14, 2018 10:50 am | Last updated: July 14, 2018 at 3:16 pm

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ, ഹിന്ദു പാക്കിസ്ഥാനാകുമെന്ന പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്ത മാസം 14ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ സുമിത് ചൗധരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. തരൂരിന്റെ പരാമര്‍ശം ഭരണഘടനയെ അധിക്ഷേപിക്കുന്നതും മതവികാരത്തെ വൃണപ്പെടുത്തുന്നതുമാണെന്ന് കാണിച്ചാണ് സുമീത് ചൗധരി ഹരജി സമര്‍പ്പിച്ചത്.

ബി ജെ പി അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യ നിലനില്‍ക്കുന്നതിനാവശ്യമായ കാര്യങ്ങളില്‍ ഒന്നടങ്കം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും നമുക്കു നേടിത്തന്ന സ്വാതന്ത്ര്യമാകില്ല ബി ജെ പി സമ്മാനിക്കുകയെന്നും തരൂര്‍ പറഞ്ഞിരുന്നു.

തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയെയാണ് ആര്‍ എസ് എസ് എതിര്‍ക്കുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തിരുവനന്തപുരത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കവേ തരൂര്‍ പറഞ്ഞിരുന്നു.