Connect with us

Kerala

ലോകകപ്പ് ഫ്‌ളക്‌സുകള്‍ 17നകം പൊളിച്ചുനീക്കണം; ഇല്ലെങ്കില്‍ പണികിട്ടും

Published

|

Last Updated

കോഴിക്കോട്: ലോകകപ്പിനോടനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ ജൂലൈ 17ന് വൈകീട്ട് ആറുമണിക്കകം പൊളിച്ചുനീക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇത് നീക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ ഫ്‌ളക്‌സുകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെട്ടത്. നാട്ടിന്‍പുറത്ത് കവലകള്‍ മുതല്‍ നഗരപാതകളുടെ മുകളില്‍ വരെ അലക്ഷ്യമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകള്‍ അപകടങ്ങളും പരിസ്ഥിതി മലീനികരണവും ഉണ്ടാക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല.

ശക്തമായ മഴയിലും കാറ്റിലുംപെട്ട് വാഹനത്തിനും യാത്രക്കാര്‍ക്ക് മുകളിലേക്കും ഇത്തരത്തിലുള്ള ബാനറുകളും ഫളക്‌സുകളും വീഴുന്നത് പതിവാണ്. കളിക്കമ്പത്തില്‍ അധികൃതര്‍ നല്‍കുന്ന താക്കീത് മുഖവിലക്കെടുക്കാത്തത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു. കവലകള്‍ കേന്ദ്രീകരിച്ച് ഇഷ്ടപ്പെട്ട ടീമുകളെയും കളിക്കാരെയും പുകഴ്ത്തിയും അഭിവാദ്യമര്‍പ്പിച്ചുമുള്ള നിരവധി ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്. ഫ്‌ളക്‌സ് മാലിന്യങ്ങള്‍ വന്‍തോതില്‍ പാരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തിലാണ് മത്സരം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫഌക്‌സുകള്‍ നീക്കാത്തവര്‍ക്കെതിരെ പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ ആക്ട് പ്രകാരം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിച്ച് സെക്രട്ടറിമാര്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇവ നീക്കം ചെയ്യാനാണ് നിര്‍ദേശം.

ക്യാന്‍സറിനും വന്ധ്യതക്കും
കാരണമാകാം
കോഴിക്കോട്: ഫ്‌ളക്‌സിന്റെ പ്രധാന ചേരുവ പോളി വിനൈല്‍ ക്ലോറൈഡ് എന്ന രാസവസ്തുവാണ്. ഇത് കൂടാതെ സ്റ്റെറിന്‍ അക്രിലേറ്റ്, കാര്‍ബണ്‍, പാരഫിന്‍ വാക്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാണ്. ക്യാന്‍സറിനും വന്ധ്യതക്കും വരെ അത് കാരണമാകാം. കത്തിക്കുമ്പോള്‍ ഫ്‌ളക്‌സില്‍ നിന്ന് മാരകമായ വിഷവാതകമായ ടോക്‌സിനുകളാണ് പുറംതള്ളുന്നത്. കൂട്ടിയിടുകയോ അലക്ഷ്യമായി ഇടുകയോ ചെയ്യുന്ന ഫ്‌ളക്‌സുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. കൂടാതെ ഫ്‌ളക്‌സുകളില്‍ അടങ്ങിയിട്ടുള്ള മഷിയും രാസവസ്തുക്കളും ഒലിച്ചിറങ്ങി മണ്ണിനെ മലിനപ്പെടുത്തും. ഫ്‌ളക്‌സുകള്‍ മണ്ണില്‍ അലിഞ്ഞുചേരാത്തവയാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

---- facebook comment plugin here -----

Latest