Connect with us

Kerala

ഹിന്ദു പാക്കിസ്ഥാന്‍: തരൂരിനെ പിന്തുണച്ച് കോണ്‍. നേതാക്കള്‍

Published

|

Last Updated

കോഴിക്കോട്: 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന ശശി തരൂര്‍ എം പിയുടെ അഭിപ്രായത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തരൂരിന്റേത് രാജ്യത്തെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന തിരുത്തി എഴുതി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുടെ വോട്ട് സി പി എം വാങ്ങിയതു കൊണ്ടാണ് അഭിമന്യു വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്. കോണ്‍ഗ്രസ് രാമരാജ്യത്തില്‍ വിശ്വസിക്കുന്നവരാണെന്നും എന്നാല്‍, ഇതിനെയെല്ലാം എതിര്‍ക്കുന്ന സി പി എം രാമായണ മാസം ആചരിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ പ്രസ്താവനയെ ബി ജെ പി ശക്തമായി എതിര്‍ത്തിരുന്നു. വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തരൂരിനെ തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തരൂര്‍ വ്യക്തമാക്കുകയുണ്ടായി.

അതേസമയം, വീണ്ടും അധികാരത്തിലേറിയാല്‍ ബി ജെ പി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എം പിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. ഇത് ജനാധിപത്യ മതേതര വിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ്. ആവശ്യമായ അംഗബലം തിരഞ്ഞെടുക്കപ്പെട്ട സഭകളില്‍ ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ബി ജെ പി അങ്ങനെ ചെയ്യുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള ബി ജെ പിയുടെ നീക്കം ഇതിന്റെ ഭാഗമാണെന്ന് ഹസന്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും കനത്ത വെല്ലുവിളി നേരിട്ട നാല് വര്‍ഷങ്ങളാണ് കടന്നുപോയത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിതര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ടവര്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. ഇതിനെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുകയും ചെയ്‌തെന്ന് ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്ന് രഹസ്യമായും ബി ജെ പി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ്. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാന്‍ പോലെയുള്ള ഒന്നിനെയാണ് അവര്‍ ഇന്ത്യയില്‍ സ്വപ്‌നം കാണുന്നത്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പാക്കിസ്ഥാന്‍ മതാധിപത്യരാഷ്ട്രമായി പടുത്തിയുര്‍ത്തിയതിന്റെ കെടുതികള്‍ ആ രാജ്യം മാത്രമല്ല ഇന്ത്യയും അനുഭവിക്കുകയാണ്. ഹസന്‍ പറഞ്ഞു.