ആരാവും മൂന്നാം സ്ഥാനക്കാര്‍; തോറ്റവരുടെ ഫൈനല്‍ ഇന്ന്

മത്സരം രാത്രി 7.30ന് സോണി ടെന്‍ 2
Posted on: July 14, 2018 9:29 am | Last updated: July 14, 2018 at 10:51 am

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫൈനലിനരികെ വീണു പോയ ബെല്‍ജിയവും ഇംഗ്ലണ്ടും റഷ്യയിലെ മികച്ച മൂന്നാമത്തെ ടീമാകാനുള്ള പ്ലേ ഓഫ് പോരിനിറങ്ങുന്നു. ഇന്ന് തോറ്റവരുടെ ഫൈനലാണെന്ന് കരുതി മത്സരം തണുപ്പനാകില്ല. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഏറ്റവും മികച്ചവരെന്ന ലേബലോടെ മടങ്ങാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ബെല്‍ജിയവും ഗാരെത് സൗത്‌ഗേറ്റിന്റെ ഇംഗ്ലണ്ടും ആഗ്രഹിക്കും. നിരാശക്കിനി സ്ഥാനമില്ലെന്ന് സൗത്‌ഗേറ്റ് പറഞ്ഞത് വെറുതെയല്ല. ഇത്തരം വീഴ്ചകള്‍ ഫുട്‌ബോളില്‍ സാധാരണയാണ്. അതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് മികച്ച ടീം ചെയ്യേണ്ടത്. എന്റെ കുട്ടികള്‍ മികച്ചവരാണ്. അവര്‍ക്ക് വലിയ ഭാവിയുണ്ട് -സൗത്‌ഗേറ്റ് പറഞ്ഞു.

ഗ്രൂപ്പ് റൗണ്ടില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും ഏറ്റുമുട്ടിയിട്ടുണ്ട്. അതു പക്ഷേ, രണ്ട് ടീമുകളും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു. ആവേശം വിതറിയ പോരാട്ടമായി അത് മാറിയില്ല. കാരണം,രണ്ട്ടീമും പകരക്കാരെയാണ് കളത്തിലിറക്കിയത്. ഇംഗ്ലണ്ടായിരുന്നു മുന്‍നിരക്കാരെ മുഴുവന്‍ കരക്കിരുത്തിയത്. മത്സരം ബെല്‍ജിയം ഒരു ഗോളിന് ജയിച്ചു. ഇന്ന് പക്ഷേ, ആവേശത്തിന് കുറവുണ്ടാകില്ല. ഏറ്റവും മികച്ച ലൈനപ്പുമായിട്ടാകും രണ്ട് ടീമും കളത്തിലിറങ്ങുക.
ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് നിരയിലുമുണ്ട്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കാന്‍ ആറ് ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്തുണ്ട്. നാല് ഗോളുകള്‍ നേടിയ ബെല്‍ജിയത്തിന്റെ റൊമേലു ലുകാകു രണ്ടാം സ്ഥാനത്താണ്.

കാനിന് തന്റെ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിക്കാന്‍ ഗോളുകള്‍ നേടേണ്ടതുണ്ട്. കാരണം, ലുകാകു തൊട്ടുപിറകിലുണ്ട് എന്നത് തന്നെ.
ഫൈനല്‍ കളിക്കുന്ന ഫ്രാന്‍സിന്റെ നിരയില്‍ മൂന്ന് ഗോളുകള്‍ നേടിയ അന്റോയിന്‍ ഗ്രിസ്മാനും കീലിയന്‍ എംബാപെയുമുണ്ട്. ക്രൊയേഷ്യയുടെ ലൂക മോഡ്രിച് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. ബെല്‍ജിയത്തിന്റെ ഹസാദിനും രണ്ട് ഗോളുകളുണ്ട്.