അക്രമി പെട്രോള്‍ഒഴിച്ച് തീക്കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

Posted on: July 14, 2018 9:16 am | Last updated: July 14, 2018 at 12:16 pm
SHARE

താമരശ്ശേരി: ബൈക്കിലെത്തിയ അക്രമി പെട്രോളൊഴിച്ച് തീക്കൊളുത്തിയ പുതുപ്പാടി കൈതപ്പൊയിലിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന കുപ്പായക്കോട് ഇളവക്കുന്നേല്‍ സജി കുരുവിള (52)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ദേശീയ പാതയോരത്ത് കൈതപ്പൊയില്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണപ്പണയത്തിന്മേല്‍ പണം കടം കൊടുക്കുന്ന സ്ഥാപനത്തില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേനെ എത്തിയ യുവാവ് മുളകുപൊടി വിതറിയ ശേഷം സജി കുരുവിളയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതോടെ കുരുവിള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് റോഡിലേക്ക് ചാടി. ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

മൂന്ന് ദിവസം മുമ്പ് സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേനെ എത്തിയ യുവാവാണ് തന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്നാണ് കുരുവിള ബന്ധുക്കളെ അറിയിച്ചത്. ഇരിട്ടി സ്വദേശിയായ സുമേഷ് ആണെന്നും കൈതപ്പൊയിലില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുകയാണെന്നുമാണ് ഇയാള്‍ പരിചയപ്പെടുത്തിയത്.
ഒന്നര ലക്ഷം രൂപക്കുള്ള സ്വര്‍ണവുമായെത്തി രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാനാകില്ലെന്ന് അറിയിച്ചതോടെ മടങ്ങിപ്പോയി. ഇതേ യുവാവ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കൈയില്‍ പെട്രോള്‍ കന്നാസുമായി വീണ്ടും എത്തി. പെട്രോള്‍ മണക്കുന്നുവെന്നും പുറത്തുകൊണ്ടുപോയി വെക്കണമെന്നും സജി ആവശ്യപ്പെട്ടു. കന്നാസ് പുറത്തുവെച്ച് വന്ന ഇയാള്‍ ദേഹത്തേക്ക് മുളകുപൊടി വിതറുകയും ഉടന്‍ തന്നെ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.