അമേരിക്കന്‍ ഉപരോധത്തിന് വഴങ്ങില്ല; റഷ്യയുമായുള്ള കരാറില്‍ നിന്ന് ഇന്ത്യ പിന്നോട്ടില്ല

അമേരിക്കന്‍ നിയമം അനുസരിക്കാന്‍ ഇന്ത്യക്ക് ബാധ്യതയില്ലെന്ന് നിര്‍മലാ സീതാരാമന്‍
Posted on: July 14, 2018 9:10 am | Last updated: July 14, 2018 at 10:51 am

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ തീട്ടൂരത്തിന് വഴങ്ങാന്‍ തീരുമാനിച്ചതിന് പിറകേ റഷ്യയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കാനുറച്ച് ഇന്ത്യ. റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എസ് -400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി.
കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ക്ഷന്‍ ആക്ട് (സി എ എ ടി എസ് എ- കാറ്റ്‌സാ) അനുസരിച്ചാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം റഷ്യയുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ യു എസ് ഉപരോധം വരും. ഇന്ത്യ നേരത്തെ റഷ്യയുമായി ഒപ്പുവെച്ച മിസൈല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന് യു എസ് ശഠിച്ചിരുന്നു. എന്നാല്‍ കാറ്റ്‌സാ യു എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമമാണെന്നും യു എന്‍ നിയമമല്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരമൊരു നിയമം ഇന്ത്യ അനുസരിക്കേണ്ടതില്ല. ഈ നിലപാട് യു എസിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ രംഗത്ത് റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം ദശകങ്ങളുടെ പഴക്കമുള്ള ഒന്നാണ്. അത് ഒറ്റയടിക്ക് മാറ്റുക സാധ്യമല്ല. ഇന്ത്യ സന്ദര്‍ശിച്ച യു എസ് കോണ്‍ഗ്രസ് സംഘത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എസ് 400 മിസൈല്‍ വാങ്ങാനുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണ്. കരാര്‍ ഒപ്പു വെച്ച് രണ്ടര മുതല്‍ നാല് വര്‍ഷത്തിനകം നടപ്പാക്കാനാകുമെന്നും അവര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. 4000 കിലോമീറ്റര്‍ വരുന്ന ഇന്ത്യ- ചൈനാ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് ലോംഗ് റേഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. 2016ലാണ് ഇന്ത്യയും റഷ്യയും ട്രയംഫ് മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നത്. ഇതിനു മുമ്പ് 2014ല്‍ തന്നെ ചൈന ഇത്തരമൊരു കരാറിലൂടെ ഈ സംവിധാനം റഷ്യയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

റഷ്യന്‍ പ്രതിരോധ കമ്പനിയായ റോസോബോറാനെക്‌സ്‌പോര്‍ട്ടിനെതിരെ യു എസ് ഉപരോധമേര്‍പ്പെടുത്തിയതോടെ ശതകോടി ഡോളറുകളുടെ പദ്ധതികള്‍ അനിശ്ചിതാവസ്ഥയിലായിരുന്നു. ഇത് ഏറ്റവും ഏറെ ബാധിക്കുക ഇന്ത്യ- റഷ്യ ബന്ധത്തെയായിരുന്നു. 2016ലെ യു എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം. റഷ്യന്‍ കമ്പനികളുമായി കരാറിലെത്തുന്ന രാജ്യങ്ങള്‍ക്കെതിരെ നീങ്ങാന്‍ കാറ്റ്‌സാ ട്രംപ് ഭരണകൂടത്തിന് അനുമതി നല്‍കുന്നു.