വിജയം കണ്ടത് ഉമ്മന്‍ ചാണ്ടിയുടെ നീക്കം; കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

Posted on: July 14, 2018 8:40 am | Last updated: July 14, 2018 at 12:08 am
SHARE

ഹൈദരാബാദ്: ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ട്ടി പുനഃപ്രവേശം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിറകേ പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹത്തിന് സ്വീകരണം നല്‍കി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ ആന്ധ്രാ പ്രദേശ് പുനഃസംഘടനാ ആക്ട് നടപ്പാക്കാനാകൂ എന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കിരണ്‍ കുമാര്‍ റെഡ്ഢി പറഞ്ഞു. നാല് വര്‍ഷം പിന്നിട്ടിട്ടും ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ബി ജെ പി സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ലിമെന്റില്‍ നല്‍കിയ ഉറപ്പ് നിലനില്‍ക്കുകയാണ്. അത് നടപ്പാക്കാതിരിക്കുമ്പോള്‍ പാര്‍ലിമെന്റിലുള്ള വിശ്വാസമാണ് നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 11 സര്‍വകലാശാലകള്‍, പ്രത്യേക റെയില്‍വേ സോണ്‍, പോലാവാരം പദ്ധതി തുടങ്ങിയവയിലെല്ലാം വാഗ്ദാന ലംഘനം കാണാവുന്നതാണ്.

തെലങ്കാന രൂപവത്കരണത്തിലുണ്ടായിരുന്ന ശക്തമായ എതിര്‍പ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സംഭവിച്ചത് സംഭവിച്ചു. ഇനി തെലുങ്ക് ജനതയെ മുന്നോട്ട് നയിക്കാനുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതില്‍ താന്‍ ഏറെ സംതൃപ്തനാണ്. എത്ര ചെറിയ റോളിലായാലും ഇനി പാര്‍ട്ടിയെ സേവിക്കാനാണ് തീരുമാനം. ഏത് തലത്തില്‍ പ്രവര്‍ത്തിക്കണമെന്നത് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ കൂടിയാണ് കിരണ്‍ റെഡ്ഢിയുടെ തിരിച്ചുവരവിലൂടെ വിജയം കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പുറത്തുപോയ നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം തുടരും. ജില്ലാ തലങ്ങളില്‍ അവലോകന യോഗങ്ങള്‍ നടത്തും. വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഢി അന്നും ഇന്നും കോണ്‍ഗ്രസ് കുടുംബാംഗമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു കാലത്ത് ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കോണ്‍ഗ്രസ് നിലവില്‍ ആന്ധ്രയില്‍ അടിത്തറ തകര്‍ന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ വെല്ലുവിളികളുമേറെ. മുന്‍ മുഖ്യമന്ത്രി കൂടിയായ കിരണ്‍കുമാര്‍ റെഡ്ഢിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെങ്കിലും ടി ഡി പിയുടെയും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും ഇടയില്‍ സ്വന്തമായി ഇടം കണ്ടെത്തണമെങ്കില്‍ കോണ്‍ഗ്രസിന് ഏറെ വിയര്‍ക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here