ഇടത് മുന്നണി വികസനം: ഐ എന്‍ എല്ലിന് മുന്‍ഗണന ലഭിച്ചേക്കും; ചര്‍ച്ച സജീവം

>> ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണത്തിന് സി പി എമ്മിന് എതിര്‍പ്പില്ലെന്നറിയുന്നു *** >> പത്ത് കക്ഷികള്‍ നിലവില്‍ ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്‌
Posted on: July 14, 2018 10:00 am | Last updated: July 14, 2018 at 1:36 pm

സ്വന്തം ലേഖകന്‍: തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടത് മുന്നണിയില്‍ സജീവമാകുന്നു. മുന്നണി വിപുലീകരണത്തിന് എല്‍ ഡി എഫിലെ പ്രധാന കക്ഷിയായ സി പി എമ്മിന് കാര്യമായ എതിര്‍പ്പില്ലെന്നാണറിയുന്നത്. അതേസമയം, മുന്നണി പ്രവേശത്തിന് അപേക്ഷ നല്‍കി ഒരേ സമയം നിരവധി പാര്‍ട്ടികള്‍ കാത്തിരിക്കുന്നതിനാല്‍ ഇവരില്‍ നിന്ന് മുന്‍ഗണനാ ക്രമം സംബന്ധിച്ച കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഏറെ സമയമെടുത്തേക്കും. ഇത് സംബന്ധിച്ച് ഈ മാസം അവസാനം നടക്കുന്ന അടുത്ത മുന്നണി യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ക്ക് സി പി എം തന്നെ തുടക്കം കുറിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ മുന്നണി വിപുലീകരണം അനിവാര്യമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

നിലവില്‍ പത്ത് കക്ഷികള്‍ ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവര്‍ക്ക് ഒരുമിച്ച് മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിലെ അപ്രായോഗികത നിലനില്‍ക്കുന്നതിനാല്‍ മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവേശനം നല്‍കുക. ഇങ്ങിനെ വന്നാല്‍ കഴിഞ്ഞ രണ്ട്പതിറ്റാണ്ടിലേറെയായി ഇടത്മുന്നണിയെ നിരുപാധികം പിന്തുണക്കുന്ന ഇന്ത്യന്‍ നാഷനല്‍ ലീഗിന് മികച്ച പരിഗണന ലഭിച്ചേക്കും. ഇതിന് പുറമെ ജനതാദള്‍ വീരേന്ദ്ര കുമാര്‍ വിഭാഗം, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം എന്നിവരും മുന്നണി പ്രവേശനം ആവശ്യപ്പെട്ട് രംഗത്തുള്ളവരാണ്.

ഇതിനിടെ യു ഡി എഫ് വിട്ട് പുറത്ത് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകളെ യോജിപ്പിച്ച് ഒരു പാര്‍ട്ടിയാക്കി മുന്നണി പ്രവേശം നല്‍കുന്നതിനുള്ള സാധ്യതകളും എല്‍ ഡി എഫ് പരിശോധിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളായ ഫ്രാന്‍സിസ് ജോര്‍ജ്, സ്‌കറിയാ തോമസ്, ബാലകൃഷ്ണപിള്ള എന്നിവരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആലോചിക്കുന്നത്. എന്നാല്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
ഇതോടൊപ്പം പി സി ജോര്‍ജ് വിഭാഗത്തെ കൂടെ കൂട്ടുന്നത് പരിശോധിക്കും. ഇതുവഴി കെ എം മാണിക്കെതിരെ കേരളാ കോണ്‍ഗ്രസിന്റെ ശക്തമായ ഒരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ആര്‍ എസ് പിയില്‍ അതൃപ്തിയുള്ളവരെ പുറത്ത് കൊണ്ടുവന്ന് നിലവില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കോവൂര്‍ കുഞ്ഞുമോനോടൊപ്പം സഹകരിപ്പിക്കുന്നതിന്റെ സാധ്യതകളും ആരായുന്നുണ്ട്.