ലൈംഗികാരോപണം: പോലീസ് ജലന്ധറിലേക്ക്; കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തും

Posted on: July 14, 2018 9:00 am | Last updated: July 13, 2018 at 11:51 pm
SHARE

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുമെന്ന് കോട്ടയം എസ് പി. കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം സമയം ചോദിച്ചു.

കര്‍ദിനാളിന് പുറമേ പാല ബിഷപ്പ്, കുറവിലങ്ങാട് വികാരി എന്നിവരുടേയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇവരോട് സമയം ചോദിച്ചതായും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ കേരളത്തിലെ അന്വേഷണം ഈ മാസം പൂര്‍ത്തിയാകുമെന്നും കൂടുതല്‍ അന്വേഷണത്തിനായി ജലന്ധറിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണ്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചയുടന്‍ പാലിക്കേണ്ട എല്ലാ നിയമ നടപടികളും സ്വീകരിച്ചതായും എസ് പി വ്യക്തമാക്കി. അതേസമയം വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയുള്ളൂവെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം നടത്തുന്ന മൊഴിയെടുക്കല്‍ അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടേയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് പാലാ ബിഷപ്പ്, കര്‍ദിനാള്‍, പള്ളിവികാരി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നുവെന്ന്് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍, കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതിനായി ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നിലവില്‍ കേരളത്തിലുള്ള അന്വേഷണമാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ പോയിരുന്നു. കണ്ണൂരിലെ മഠത്തില്‍ ജലന്ധര്‍ ബിഷപ്പ് തങ്ങിയതായി പരിശോധനയില്‍ വ്യക്തമായിരുന്നു.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഏതാനും ചിലരുടെ മൊഴി കൂടി ലഭിച്ചാല്‍ കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാകുമെന്നും അന്വേഷണസംഘം പറയുന്നത്. കേരളത്തിലെ അന്വേഷണം പൂര്‍ത്തീകരിച്ചതിനു ശേഷം ജലന്ധറിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും എസ് പി പറഞ്ഞു. കേരളത്തില്‍ നിന്ന് ശേഖരിച്ച തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാകും അന്വേഷണ സംഘം ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കും. കന്യാസ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവാണ്.