കരിപ്പൂരിനെതിരെയുള്ള ഉപജാപങ്ങള്‍

കരിപ്പൂരിലെത്തുന്ന യാത്രക്കാരോട് അതോറിറ്റിയും എമിഗ്രേഷന്‍ വിഭാഗവും കാണിക്കുന്ന പെരുമാറ്റവും വിമാനത്താവളം തകര്‍ക്കാനുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മുംബൈയിലും ബെംഗളൂരുവിലും എല്ലാം എമിഗ്രേഷനില്‍ ഐ ബി തന്നെയാണ്. പക്ഷേ, അവിടെ യാത്രക്കാരെ അതിഥികളും മനുഷ്യരുമായാണ് കാണുന്നത്. കരിപ്പൂരിലാകട്ടെ യാത്രക്കാരെ മുഴുവന്‍ ക്രിമിനല്‍ കുറ്റവാളികളെ പോലെയാണ് കാണുന്നത്. എല്ലാ രേഖകളും ശരിയാക്കി 'ഖൈറുള്ളാ' കാണാനെത്തുന്ന അറബികള്‍ ടൂറിസത്തിന്റെ വലിയ മുതല്‍ കൂട്ടായിരുന്നു. പക്ഷേ, കരിപ്പൂരില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറാണ് അറബികളെ വിചാരണ നടത്തുന്നത്. അതുകൊണ്ട് തന്നെ അവരെല്ലാം കൊച്ചിയില്‍ ഇറങ്ങിയാണ് കേരളം കാണുന്നത്. വേണ്ടി വന്നാല്‍ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് വരും. മലയാളി പ്രവാസികളെ വരുമ്പോഴും പോകുമ്പോഴും വളരെ നേരം കഷ്ടപ്പെടുത്തുക എന്നത് കരിപ്പൂരിലെ ഉദ്യോഗസ്ഥരുടെ ഹോബിയാണ്.
Posted on: July 14, 2018 9:32 am | Last updated: July 14, 2018 at 10:58 am

പ്രവാസികളുടെയും മറ്റു യാത്രക്കാരുടെയും വരുമാനം ഏറ്റവും ലഭിക്കുന്നത് കരിപ്പൂരിനാണെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ എയര്‍പോര്‍ട്ടായ കരിപ്പൂരിനെ ഞെക്കികൊല്ലാനും വെറും മിലിട്ടറി എയര്‍പോര്‍ട്ടാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊച്ചിന്‍/ കണ്ണൂര്‍ നിക്ഷേപകരുടെ ലാഭക്കൊതിയാണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്. കേന്ദ്രത്തിലും കേരളത്തിലും കളിക്കാന്‍ അവര്‍ ആളുകളെ നിശ്ചയിച്ചിട്ടുണ്ടത്രേ. സിവില്‍ ഏവിയേഷന്‍ വകുപ്പ് അവര്‍ ‘കൈവശപ്പെടുത്തി’. നേരത്തെ എയര്‍പോര്‍ട്ടില്‍ നാട്ടുകാരെ ദുരിതത്തിലാക്കിയതിന്റെ പേരില്‍ ഏറെ കുപ്രസിദ്ധനായ മുന്‍ ഡയറക്ടര്‍ ഡല്‍ഹി സിംഹാസനത്തിലെത്തിയത് അദ്ദേഹത്തിന് കരിപ്പൂരിനോട് പക വീട്ടാനും ഉപജാപക സംഘത്തിന് അനുഗ്രവുമായി.
വൈകാതെ കരിപ്പൂരിലേക്കുള്ള ഡയറക്ടര്‍മാരുടെ നിയമനം കൊച്ചിന്‍ അനുകൂല ലോബികളുടെ നിര്‍ദേശ പ്രകാരമായി. കണ്ണൂര്‍ വിമാനത്താവളക്കാര്‍ ഇത് കണ്ട് സന്തോഷിച്ചു. പൊതുവേ കേരളത്തോട് റെയില്‍വേ/ വ്യോമയാന രംഗത്ത് മുഖം തിരിച്ചു നില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ ലോബിക്ക് അതൊരവസരവുമായി.
ഇപ്പോഴത്തെ ഡയറക്ടര്‍ക്കും ഇതിന് തൊട്ടുമുമ്പുണ്ടായിരുന്നയാള്‍ക്കുമെതിരെ നിരവധി പരാതികളുണ്ട്. പരിസരവാസികള്‍ സ്ഥലം തരാതെ റണ്‍വേ വികസിപ്പിക്കാന്‍ കഴിയില്ലെന്നും അവരാണെങ്കില്‍ തനിക്കെതിരെ സമരം നടത്താന്‍ പിരിവെടുക്കുകയാണെന്നും പറഞ്ഞയാളാണ് മുന്‍ ഡയറക്ടര്‍. റണ്‍വേ വികസിക്കാതെ വലിയ വിമാനമിറക്കാന്‍ താനെങ്ങനെ അനുവദിക്കും, മനുഷ്യ ജീവന്‍ വില പിടിച്ചതല്ലേ, മംഗലാപുരം നാം എന്നും സ്മരിക്കേണ്ടതല്ലേ എന്നൊക്കെ പോകുന്നു അദ്ദേഹത്തിന്റെ ഉപദേശം. പല തവണ സമീപിച്ച പ്രതിനിധി സംഘങ്ങളോട് മനുഷ്യ ജീവന്റെ വില പറഞ്ഞ് ഒരു മണിക്കൂറിലധികം ഉപദേശിക്കുകയായിരുന്നു അദ്ദേഹം. ഈ ജൂണ്‍ 15ന് മുതല്‍ വിമാനത്താവളം മുഴുസമയം പ്രവര്‍ത്തിക്കുമെന്നും എല്ലാ വിമാനങ്ങളും ഇറങ്ങുമെന്നും തീരുമാനം വന്നപ്പോഴാണ് മെയ് 15ന് ഡല്‍ഹിയിലേക്ക് ഡയറക്ടര്‍ കത്തയച്ചതും കാറ്റഗറി തരം താഴ്ത്തണമെന്നാവശ്യപ്പെട്ടതും. ഹാജിമാരോടും പാവപ്പെട്ട പ്രവാസികളോടും കളിച്ചതിന്റെ കാവ്യനീതിയെന്നോണം കത്ത് പുറത്തായതോടെ കള്ളനെ കൈയോടെ പിടികൂടി. വിവിധ സംഘടനകള്‍ സമരം പ്രഖ്യാപിച്ചതോടെ കത്തും അപേക്ഷയും പിന്‍വലിച്ചുവത്രെ!
കരിപ്പൂരിലെത്തുന്ന യാത്രക്കാരോട് അതോറിറ്റിയും എമിഗ്രേഷന്‍ വിഭാഗവും കാണിക്കുന്ന പെരുമാറ്റവും വിമാനത്താവളം തകര്‍ക്കാനുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മുംബൈയിലും ബെംഗളൂരുവിലും എല്ലാം എമിഗ്രേഷനില്‍ ഐ ബി തന്നെയാണ്. പക്ഷേ, അവിടെ യാത്രക്കാരെ അതിഥികളും മനുഷ്യരുമായാണ് കാണുന്നത്. കരിപ്പൂരിലാകട്ടെ യാത്രക്കാരെ മുഴുവന്‍ ക്രിമിനല്‍ കുറ്റവാളികളെ പോലെയാണ് കാണുന്നത്. എല്ലാ രേഖകളും ശരിയാക്കി ‘ഖൈറുള്ളാ’ കാണാനെത്തുന്ന അറബികള്‍ ടൂറിസത്തിന്റെ വലിയ മുതല്‍ കൂട്ടായിരുന്നു. പക്ഷേ, കരിപ്പൂരില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറാണ് അറബികളെ വിചാരണ നടത്തുന്നത്. അതുകൊണ്ട് തന്നെ അവരെല്ലാം കൊച്ചിയില്‍ ഇറങ്ങിയാണ് കേരളം കാണുന്നത്. വേണ്ടി വന്നാല്‍ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് വരും. മലയാളി പ്രവാസികളെ വരുമ്പോഴും പോകുമ്പോഴും വളരെ നേരം കഷ്ടപ്പെടുത്തുക എന്നത് കരിപ്പൂരിലെ ഉദ്യോഗസ്ഥരുടെ ഹോബിയാണ്. വിമാനം വൈകലും തകരാറിലാവലും കരിപ്പൂരില്‍ നിത്യസംഭവങ്ങളാണ്. സ്വര്‍ണക്കടത്ത് എന്നും കരിപ്പൂരിന്റെ പ്രധാന വാര്‍ത്തയാണ്. ചീത്തപ്പേരുകള്‍ നിത്യസംഭവങ്ങളാണ്.

ആഭ്യന്തര ടെര്‍മിനല്‍ ശീതീകരിച്ചതും അറ്റകുറ്റപണികള്‍ തീര്‍ത്തുമിരിക്കുമ്പോള്‍ രാജ്യാന്തര ടെര്‍മിനലിന്റെ സീലിംഗ് തലയില്‍ വീഴുന്ന രൂപത്തില്‍ തൂങ്ങി നില്‍ക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമാണ്. ഇതേ കുറിച്ച് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. മന്ത്രിമാരും എം പി, എം എല്‍ എമാരും ഉദ്യോഗസ്ഥരും യാത്ര ചെയ്യാനെത്തുന്നത് ആഭ്യന്തര ടെര്‍മിനലില്‍ മാത്രമാണെന്നും അറബികളുടെ അടിമപ്പണിക്കും ആട് നോക്കാനും പോകുന്നവര്‍ക്കുള്ളതാണ് രാജ്യാന്തര ടെര്‍മിനല്‍ എന്നുമായിരുന്നു മറുപടി.
വിദേശ വിമാനങ്ങളും വലിയ വിമാനങ്ങളും നിലച്ചെങ്കിലും കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യു എ ഇ, ഖത്വര്‍ എന്നീ രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെയും മറ്റും വിമാനങ്ങളുണ്ട്. എന്നാല്‍, കരിപ്പൂരില്‍ നിന്നു ഏറ്റവും കൂടുതല്‍ പ്രവാസികളും ഹജ്ജ്, ഉംറ തീര്‍ഥാടകരും ആശ്രയിക്കുന്ന ജിദ്ദയിലേക്ക് ഒരു വിമാനം പോലുമില്ല. വിമാനത്താവളം തകര്‍ക്കാനുള്ള അജന്‍ഡയുടെ ഭാഗമല്ലാതെ മറ്റെന്താണിത്? മറ്റുപല രാജ്യങ്ങളിലേക്കും അവരുടെ വിമാനങ്ങളും എയര്‍ ഇന്ത്യന്‍ വിമാനങ്ങളും മറ്റു സ്വകാര്യ ഫ്‌ളൈറ്റുകളും പല സെക്ടറുകളിലേക്കായി പോവുന്നു. ഉദാഹരണത്തിന് യു എ ഇയിലേക്ക്, ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, അബൂദാബി, അല്‍ ഐന്‍ എന്നീ സെക്ടറുകളിലേക്കെല്ലാം ദിവസേന 12 വിമാനങ്ങളുണ്ട്. ഒമാനിലേക്ക് മസ്‌കത്ത്, സലാല റൂട്ടുകളിലായി ആറ് വിമാനങ്ങളുണ്ട്. എന്നാല്‍, സഊദിയിലേക്ക് പേരിന് ജെറ്റ് എയര്‍വെയ്‌സിന്റെ ദമാം ട്രിപ്പ് മാത്രം അവശേഷിക്കുന്നു. അത് സഊദി യാത്രക്കാര്‍ക്കോ തീര്‍ഥാടകര്‍ക്കോ ഒരിക്കലും ഉപകരിക്കില്ല.
നാശത്തിന്റെ ഒരു തുടക്കമായിരുന്നു സ്ഥലമെടുപ്പ് നാടകവും നാട്ടുകാര്‍ സ്ഥലം തരില്ലെന്ന് പറഞ്ഞുള്ള ബഹളവും. എന്നാല്‍, ഈ കുതന്ത്രത്തിന്റെ മുനയൊടിക്കുമാറ് കേരള സര്‍ക്കാറും ജില്ലാ കലക്ടറും സ്ഥലത്തിനുള്ള എല്ലാ വഴികളും തുറന്ന് കൊടുത്തു. സ്ഥലമെടുക്കേണ്ടി വന്നാല്‍ അവര്‍ക്ക് നിശ്ചിത തുകയും താമസപാക്കേജും പകരം സ്ഥലവും എല്ലാം നല്‍കാന്‍ തയ്യാറായി. അപ്പോള്‍ ഒരു വിഭാഗത്തെ സമരക്കാരായി രംഗത്ത് കാണിച്ച് നാട്ടുകാര്‍ സ്ഥലം തരാത്തത് കൊണ്ട് വികസനം നടക്കാതെ വലിയ വിമാനങ്ങള്‍ ഇറങ്ങില്ലെന്ന് പറഞ്ഞ് അന്നത്തെ ഡയറക്ടര്‍ കളിക്കുകയായിരുന്നു. സമരക്കാരെയും ഈ ലോബി സൃഷ്ടിച്ചതാണോ എന്ന സംശയമുണ്ട്. നേരത്തെ അക്വയര്‍ ചെയ്ത സ്ഥലം ധാരാളം റണ്‍വേ വികസനത്തിനും മറ്റു ആവശ്യങ്ങള്‍ക്കും വെറുതെ കിടക്കുമ്പോഴാണ് സ്ഥലം വേണമെന്ന് പറഞ്ഞ് ഒരു നാടകം ഇവര്‍ കളിച്ചത്.
പ്രശ്‌ന പരിഹാരത്തിനിവിടെ സര്‍ക്കാറും ജനപ്രതിനിധികളും കോടതികളും നിലവിലുണ്ട്. കൊച്ചിയും കണ്ണൂരും പോലെ നിക്ഷേപങ്ങളുടെ സഹായത്തോടെയുള്ള എയര്‍പോര്‍ട്ടാണ് പരിഹാരമെങ്കില്‍ മലബാറിലും വ്യവസായികളും സമ്പന്നരും നിക്ഷേപകരുമുണ്ട്. അവരെ ചേര്‍ത്ത് വികസനം പൂര്‍ത്തിയാക്കാവുന്നതാണ്. അതിന് ബന്ധപ്പെട്ടവര്‍ വഴിയൊരുക്കണം.

ഹജ്ജ് എംബാര്‍ക്കേഷനും മലബാര്‍ വികസനവും സഊദിയോടുള്ള അവഗണനയും മലബാറിലെ സാമൂഹിക സംഘടനകളുടെ ഇടപെടലുകളുടെ പോരായ്മയാണ് സൂചിപ്പിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ പരിഗണിക്കുക, 70 കഴിഞ്ഞവര്‍ക്കും പ്രത്യേക പരിഗണന നല്‍കുക, എംബാര്‍ക്കേഷന്‍ കോഴിക്കോട്ടേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണുന്നയിച്ചിരിക്കുന്നത്. പക്ഷേ, അതില്‍ മൂന്നാമത്തെ ആവശ്യത്തിന് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ലേ? മലബാറിലെ ഒരു സംഘടനയും ഈ കേസില്‍ കക്ഷിചേരുകയോ വേറെ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. കേരള മുസ് ലിം ജമാഅത്ത് ഇക്കാര്യത്തില്‍ പലതവണ മന്ത്രിയെ കാണുകയും നിവേദനം നല്‍കുകയും ചെയ്തതിന് പുറമെ സുപ്രീംകോടതിയില്‍ എംബാര്‍ക്കേഷന്‍ സംബന്ധിച്ച് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ വീണ്ടെടുപ്പിന് മലപ്പുറം ജില്ലാ എസ് വൈ എസിന്റെ കീഴില്‍ പടുകൂറ്റന്‍ മാര്‍ച്ചും നടത്തിയിട്ടുണ്ട്.
സഊദിയില്‍ നിന്ന് വിമാനക്കരാര്‍ കരിപ്പൂരിലേക്ക് തന്നെ പൂര്‍ത്തിയാകാനിരിക്കെ അതില്‍ മണ്ണ് വാരിയിട്ടതായി പറയപ്പെടുന്നു. കരിപ്പൂര്‍ അതോറിറ്റി നിയന്ത്രിക്കാന്‍ ആളെ നിശ്ചയിക്കുന്നത് അവരാണത്രെ! കേന്ദ്രത്തില്‍ ഏവിയേഷന്‍ വകുപ്പിന്റെ പാക്കേജ് തീരുമാനിക്കുന്നതും അവരാണത്രെ! ഹജ്ജ് സഹമന്ത്രി ക്യാബിനറ്റ് മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടേക്ക് വരാന്‍ ഉദ്ദേശിച്ചപ്പോള്‍ വിമാനം കയറണമെങ്കില്‍ അവിടെ എംബാര്‍ക്കേഷന്‍ ചര്‍ച്ച പാടില്ലെന്ന് കൊച്ചിന്‍ ലോബി നിബന്ധന വെച്ചിരുന്നുവത്രെ! അത്രത്തോളം സ്വാധീനം കൊച്ചിക്കുണ്ടെങ്കില്‍ ഇത് ഗൗരവത്തോടെ തിരിച്ചറിയേണ്ടതുണ്ട്. വലതു സര്‍ക്കാര്‍ കഴിയുന്നത്ര കൊച്ചിയിലേക്കും ഇടതു സര്‍ക്കാര്‍ കഴിയുന്നത്ര കണ്ണൂരിലേക്കും കൊത്തിവലിക്കുമ്പോള്‍ കരിപ്പൂരിനെ രക്ഷിക്കാന്‍ ആര്‍ക്കാണ് കഴിയുക? കേന്ദ്ര സര്‍ക്കാര്‍ അവരുടെ സ്വന്തം എയര്‍പോര്‍ട്ടെന്ന നിലയില്‍ പരിഗണിച്ചാല്‍ മതിയായിരുന്നു. അതിനവര്‍ തയ്യാറാകേണ്ടേ? മലപ്പുറം പോലൊരു സ്ഥലത്ത്.
(കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ലേഖകന്‍)