പ്രാകൃത വൃത്തിക്ക് നിയമ പരിരക്ഷയോ?

Posted on: July 14, 2018 9:28 am | Last updated: July 13, 2018 at 11:30 pm
SHARE

സ്വവര്‍ഗരതി നിയമ വിധേയമാക്കാനുള്ള ശ്രമം ഇത്തവണ ഫലപ്രദമാകുന്ന മട്ടാണ്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തോട് നേരത്തെ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാറും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. ബി ജെ പിയും ആര്‍ എസ് എസും പ്രത്യേകിച്ചു ഈ ആവശ്യത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നതാണ്. ഈ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഒരു തരം മനോരോഗമാണെന്നും ഇത് ചികിത്സിച്ച് ഭേദമാക്കാനാകുമോ എന്ന് ഗവേഷണങ്ങള്‍ നടത്തുകയല്ലാതെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അത് ഹിന്ദുത്വത്തിന് എതിരുമാണെന്നാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ അഭിപ്രായം.

മാത്രമല്ല, 377 -ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി ശശി തരൂര്‍ 2015ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെ ബി ജെ പി അംഗങ്ങള്‍ രൂക്ഷമായി എതിര്‍ത്തിരുന്നതാണ്. ലൈംഗികാഭിരുചിയിലോ ലിംഗഭേദത്തിലോ ഉള്ള വ്യത്യാസം ഇല്ലാതെ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള പ്രവര്‍ത്തി എന്ന നിലയില്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതെയായി കണക്കാക്കുന്നതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നായിരുന്ന തരൂരിന്റെ ആവശ്യം. നിലവില്‍ ഇത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരൊറ്റ ബി ജെ പി അംഗവും അന്ന് ബില്ലിനെ അനുകൂലിച്ചില്ല. എന്നാലിപ്പോള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് മുമ്പിലുള്ള ഹരജിയില്‍ വ്യക്തമായ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ അത് കോടതിയുടെ തീരുമാനത്തിന് വിടുകയാണെന്നാണ്‌കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്.

സ്വവര്‍ഗരതിയോട് ആര്‍ എസ് എസിന്റെ നയത്തില്‍ വന്ന വ്യതിയാനമാണ് സര്‍ക്കാര്‍ എവിടെയും തൊടാത്ത നയം സ്വീകരിക്കാന്‍ കാരണം. 2016 മാര്‍ച്ചില്‍ ‘ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2016’ -ല്‍ സംസാരിക്കവേ ആര്‍ എസ് എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയിലൂടെയാണ് സംഘടനയുടെ നയംമാറ്റം പുറത്തുവന്നത്. ‘മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം സ്വവര്‍ഗരതി കുറ്റകരമല്ല. ലൈംഗികത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമാണെ’ന്നായിരുന്നു ദത്താത്രേയുടെ പരാമര്‍ശം. ഇതോടൊപ്പം ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം നിരീക്ഷിക്കുകയും പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന തരത്തില്‍ ഉത്തരവുണ്ടാകുമെന്ന് സൂചിപ്പിക്കുകയുമുണ്ടായി. 2013ല്‍ സുപ്രീം കോടതി രണ്ടംഗ ബഞ്ച് 377-ാം വകുപ്പില്‍ ഭേദഗതി ആവശ്യമില്ലെന്ന് തറപ്പിച്ചു പറഞ്ഞതാണ്.

ഇണകളോടുള്ള പ്രകൃതിപരമായ ആകര്‍ഷണീയതയെ നിയമപരമായി അംഗീകരിക്കലാണ് ശരിയായ രീതി. ഭൂമിയില്‍ പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായുള്ള ജീവജാലങ്ങളുടെ സൃഷ്ടിപ്പ് അവയുടെ ലൈംഗിക തൃഷ്ണ പൂര്‍ത്തീകരിക്കുന്നതിനുള്ള മാര്‍ഗമെന്നതോടൊപ്പം വംശങ്ങളുടെ നിലനില്‍പ്പിന് കൂടിയാണ്. അതിനനുയോജ്യമായ ശാരീരിക പ്രകൃതിയോടെയാണ് ഏത് വിഭാഗത്തിലും ആണും പെണ്ണും സൃഷ്ടിക്കപ്പെട്ടത്. എതിര്‍ലിംഗങ്ങള്‍ തമ്മില്‍ ഇണ ചേരുകയെന്നതാണ് പ്രകൃതിദത്തവും അംഗീകരിക്കപ്പെട്ടതുമായ രീതി. അതിന് വിരുദ്ധമായി പുരുഷനും പുരുഷനും തമ്മില്‍, സ്ത്രീയും സ്ത്രീയും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സദാചാര വിരുദ്ധവും പ്രാകൃതവുമാണ്. മൃഗങ്ങളില്‍ പോലും കണ്ടുവരാത്ത ഇത്തരമൊരു വേഴ്ച വിശേഷ ബുദ്ധിയുള്ള മനുഷ്യന് ഒട്ടും അഭികാമ്യമല്ല. അത്തരമൊരു രീതിയിലേക്ക് സമൂഹം മൊത്തം മാറിക്കഴിഞ്ഞാല്‍ ജീവിത വ്യവസ്ഥയെ താളം തെറ്റിക്കുകയും വംശനാശത്തിന് ഇടവരുത്തുകയും ചെയ്യും.
ധാര്‍മികമായ വീക്ഷണകോണിലൂടെ മാത്രമല്ല, ആരോഗ്യപരമായും സ്വവര്‍ഗരതി അപകടരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വവര്‍ഗരതി ലൈംഗിക രോഗങ്ങള്‍ക്കിട വരുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു. മാരകമായ എച്ച് ഐ വി വൈറസും സ്വവര്‍ഗരതിയും തമ്മിലുള്ള ബന്ധം അറിയപ്പെട്ടതാണ്. എയിഡ്‌സ് രോഗം ആദ്യമായി കണ്ടെത്തിയത് ഒരുസ്വവര്‍ഗരതിക്കാരനിലായിരുന്നല്ലോ. ബി ജെ പിയും ആര്‍ എസ് എസും മഹത്വവത്കരിക്കുന്ന പൗരാണിക ഇന്ത്യന്‍ ദാര്‍ശനികതയും ഹൈന്ദവ വേദങ്ങളും സ്വവര്‍ഗരതിയെ അംഗീകരിക്കുന്നില്ല. കന്യക മറ്റൊരു കന്യകയുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ 200 പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്നും വിവാഹിതയാണ് ചെയ്തതെങ്കില്‍ അവരുടെ രണ്ടു വിരലുകള്‍ ഛേദിക്കുകയും തല മൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തുകയും വേണമെന്നാണ് മനുസ്മൃതി കല്‍പ്പിക്കുന്നത്. അപ്പോള്‍ പിന്നെ ബി ജെ പിക്കിത് എങ്ങനെ അംഗീകരിക്കാനാകും?
ധാര്‍മികതയും ദര്‍ശനങ്ങളും ആരോഗ്യ ശാസ്ത്രവും തള്ളിപ്പറയുകയും വിലക്കുകയും ചെയ്യുന്ന ഒരു പ്രാകൃത പ്രവൃത്തിയെ നിയമവിധേയമാക്കാന്‍ നീതിപീഠവും സര്‍ക്കാറും ഒരുമ്പെടുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്?

LEAVE A REPLY

Please enter your comment!
Please enter your name here