Connect with us

International

ട്രംപിന്റെ സന്ദര്‍ശനം; ബ്രിട്ടനിലെങ്ങും വ്യാപക പ്രതിഷേധം

Published

|

Last Updated

സെന്‍ട്രല്‍ ലണ്ടനില്‍ ട്രംപിന്റെ സന്ദര്‍നത്തിനെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവര്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനിലെങ്ങും വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു. പതിനായിരക്കണക്കിന് പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രംപിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. ഇന്നലെ രാവിലെ സാന്‍ഡ് ഹേഴ്സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാദമി സന്ദര്‍ശിച്ച ട്രംപ്, പ്രതിഷേധം കണക്കിലെടുത്ത് ബക്കിംഗ്ഹാം ഷയറിലേക്ക് ഹെലികോപ്ടറിലായിരുന്നു യാത്ര. ഇവിടെ വെച്ച് അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി കൂടിക്കാഴ്ച നടത്തി. ബ്രെക്‌സിറ്റ് പദ്ധതിയെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

സെന്‍ട്രല്‍ ലണ്ടനില്‍ ഹീലിയം നിറച്ച ട്രംപിന്റെ മാതൃകയിലുള്ള ബലൂണ്‍ ആകാശത്തേക്ക് ഉയര്‍ത്തി പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. പാര്‍ലിമെന്റിന് സമീപത്താണ് പ്രതിഷേധക്കാര്‍ ഈ ബലൂണ്‍ ഉയര്‍ത്തിയിരിക്കുന്നത്. വിഭജനത്തിന് വേണ്ടി ശ്രമിക്കുന്ന വ്യക്തിയാണെന്നാണ് പ്രതിഷേധക്കാര്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്കാണ് പദ്ധതിയെന്നും പ്രക്ഷോഭകര്‍ പറയുന്നു. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിലും വംശീയതക്ക് വളം വെച്ചുനല്‍കുന്നതിലും ട്രംപ് ഭരണകൂടത്തിന്റെ പങ്കാളിത്തത്തെ എതിര്‍ത്താണ് വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് ട്രംപിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ബ്രക്‌സിറ്റ് സംബന്ധിച്ച ബ്രിട്ടനിലെ രാഷ്ട്രീയ പ്രതിസന്ധികളുടെയും പ്രതിഷേധങ്ങളുടെയും നടുവിലാണ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമായിരുന്നു ട്രംപിന്റെ ബ്രിട്ടനിലേക്കുള്ള യാത്ര. അമേരിക്ക ബ്രിട്ടന്റെ അടുത്ത സഖ്യരാജ്യമാണെന്നും 2019 മാര്‍ച്ചില്‍ ബ്രക്‌സിറ്റ് നിലവില്‍ വരുമ്പോള്‍ അമേരിക്കയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും തെരേസ മെയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രക്‌സിറ്റ് തീരുമാനവുമായി മുന്നോട്ടുപോകാനുള്ള നയത്തില്‍ പ്രതിഷേധിച്ച് തെരേസ മെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്ന് മൂന്ന് പ്രമുഖര്‍ രാജിവെച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡാവിസ് തുടങ്ങിയ പ്രമുഖരാണ് രാജിവെച്ചിരുന്നത്.

Latest