യു എസ്- ബ്രിട്ടന്‍ വ്യാപാര ബന്ധത്തെ ബ്രക്‌സിറ്റ് കൊല്ലും; രൂക്ഷവിമര്‍ശനവുമായി ട്രംപ്‌

'വ്യാപാരത്തിലേര്‍പ്പെടുന്നത് ബ്രിട്ടനുമായല്ല, മറിച്ച് യൂറോപ്യന്‍ യൂനിയനുമായി'
Posted on: July 14, 2018 8:14 am | Last updated: July 13, 2018 at 11:17 pm
SHARE

ലണ്ടന്‍: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ആരംഭിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ഇന്നലെ തുടക്കമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്രക്‌സിറ്റ് പദ്ധതിയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും തമ്മില്‍ നടത്തുന്ന വിശാലമായ അര്‍ഥത്തിലുള്ള വ്യാപാരത്തെ ബ്രക്‌സിറ്റ് പദ്ധതി കൊല്ലുമെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി തെരേസ മെയെ നേരിട്ട് ആക്രമിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള തെരേസ മെയുടെ പദ്ധതി വിജയിക്കുകയാണെങ്കില്‍ വ്യാപാര സംബന്ധമായ ചര്‍ച്ചകള്‍ പരാജയപ്പെടാനാണ് സാധ്യത. കാരണം അമേരിക്ക വ്യാപാരത്തിലേര്‍പ്പെടുന്നത് ബ്രിട്ടനുമായല്ല, മറിച്ച് യൂറോപ്യന്‍ യൂനിയനോടാണ്. ഈ രീതിയില്‍ ബ്രക്‌സിറ്റിലൂടെ പുറത്തുപോകുന്ന ബ്രിട്ടനുമായി വ്യാപാരം തുടരുകയാണെങ്കില്‍ അത് യൂറോപ്യന്‍ യൂനിയന് പ്രതിസന്ധി സൃഷ്ടിക്കും. ഇതെങ്ങനെ സാധ്യമാകുമെന്ന് താന്‍ തെരേസ മെയോട് ചോദിച്ചെങ്കിലും അവരതിനോട് പ്രതികരിച്ചില്ല. അവര്‍ വ്യത്യസ്തമായ വഴിയാണ് സ്വീകരിക്കുന്നതെന്നും ആദ്യ ദിവസം ദി സണ്‍ ടാബ്ലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.