നവ ദമ്പതികളുടെ വധം; ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളങ്ങള്‍ ശേഖരിച്ചു

Posted on: July 13, 2018 11:55 pm | Last updated: July 13, 2018 at 11:55 pm
SHARE

മാനന്തവാടി: നവ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകളും അന്വേഷണവും ഊര്‍ജ്ജിതമാക്കി. സംഭവ ദിവസം പോലീസ് നായ ചെന്നെത്തിയ കോരമുക്കില്‍ താമസിക്കുന്ന തൊഴിലാളികളുടേതുള്‍പ്പെടെ അമ്പതോളം പേരുടെ വിരലടയാളങ്ങളുടെ പരിശോധന ഇന്നലെ മാനന്തവാടി ഡി വൈ എസ് പി ഓഫീസില്‍ വീണ്ടും നടത്തി.

കല്‍പ്പറ്റയില്‍ നിന്നെത്തിയ സംഘമാണ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച കാല്‍ വിരലടയാളം തിരിച്ചറിയുന്നതിനായി പരിശോധന നടത്തിയത്. മറ്റ് സാധ്യതകളൊന്നും കണ്ടെത്താന്‍ കഴിയാത്തിനാല്‍ കൊലപാതകം മോഷണത്തിന് വേണ്ടി തന്നെയാവണമെന്ന നിഗമനത്തിലാണ് പോലീസെത്തിയിരിക്കുന്നത്. വള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയിലെ വാഴയില്‍ ഉമര്‍ (26), ഭാര്യ ഫാത്വിമ (19) എന്നിവരെയാണ് കിടപ്പ് മറിയില്‍ കൊലപ്പെടുത്തിയത്.

പ്രതികളെ സംബന്ധിച്ചോ കേസ് സംബന്ധിച്ചോ നാട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ അന്വേഷണ സംഘത്തിന് സൂചനകള്‍ നല്‍കാനുണ്ടെങ്കില്‍ സ്വീകരിക്കുന്നതിനായി പ്രദേശത്തെ അങ്കണ്‍വാടി, റേഷന്‍ ഷാപ്പ്, പോസ്റ്റോഫീസ് തുടങ്ങിയവിടങ്ങളില്‍ പെട്ടികള്‍ സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടി ഡി വൈ എസ് പിയുടെ കൈയ്യില്‍ താക്കോല്‍ സൂക്ഷിക്കുന്ന പെട്ടിയിലൂടെ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി വെക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഇന്ന് മുതല്‍ പെട്ടി സ്ഥാപിച്ച് തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here