Connect with us

Kerala

സര്‍വകക്ഷി സംഘത്തെ കാണാന്‍ മോദി തയ്യാറായില്ലെന്ന പ്രചാരണം തെറ്റ്: വി മുരളീധരന്‍ എം പി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രചാരണം തെറ്റാണെന്നും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനായി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും ബി ജെ പി നേതാവ് വി മുരളീധരന്‍ എം പി. 19ന് പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കിയതോടെ ഇക്കാര്യം വ്യക്തമായെന്നും അദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടത്തിയതടക്കമുള്ള പ്രചാരണങ്ങള്‍ തികച്ചും വസ്തുതാപരവും തെറ്റിധാരണാജനകവുമാണെന്ന് മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദേശ്യത്തോടെ തെറ്റായ രീതിയില്‍ പ്രചാരണം നടത്താനാണ് മുഖ്യമന്ത്രിയും സി പി എമ്മും തയ്യാറായതെന്നും മുരളീധരന്‍ ആരോപിച്ചു. റണ്‍വേയുടെ അറ്റകുറ്റ പണി നടക്കുന്ന സാഹചര്യത്തിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് അടുത്ത 15 ഓടെ നേരത്തെയുള്ളത് പോലെ വലിയ വിമാനങ്ങളും ഇറങ്ങാനുള്ള അനുമതി നല്‍കുമെന്നും ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊണ്ടതായും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയതായി മുരളീധരന്‍ പറഞ്ഞു. പാര്‍ലിമെന്റ് സമ്മേളനം തുടങ്ങുന്നതോടെ കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.