Connect with us

International

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അറസ്റ്റില്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി എം എല്‍- എന്‍ നേതാവുമായ നവാസ് ശരീഫ് അറസ്റ്റില്‍. ലണ്ടനില്‍ നിന്ന് ഇന്നലെ രാത്രി 8.45 ഓടെ ലാഹോറിലെ അല്ലാമാ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയയുടനെയാണ് അറസ്റ്റ്. ഒമ്പതരയോടെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വിമാനം എത്തിയയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ കയറി മറ്റ് യാത്രക്കാരെ മാറ്റുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവാസ് ശരീഫിനൊപ്പമെത്തിയ മകള്‍ മറിയവും അറസ്റ്റിലായിട്ടുണ്ട്. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടുകെട്ടി. ഹജ്ജ് ലോഞ്ചിലുണ്ടായിരുന്ന നവാസിന്റെ മാതാവിനെ കാണാന്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും അനുവദിച്ചു. കൂടിക്കാഴ്ചക്ക് ശേഷമാണ് ശരീഫിനെയും മകള്‍ മറിയത്തെയും കസ്റ്റഡിയില്‍ എടുത്തത്.

ഇരുവരെയും ചെറുവിമാനത്തിലോ ഹെലിക്കോപ്റ്ററിലോ ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് ആദിയാല ജയിലിലേക്കോ അട്ടോക്ക് ജയിലിലേക്കോ മാറ്റും. ഈ മാസം 25ന് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാവല്‍ മന്ത്രിസഭയാണ് പാക്കിസ്ഥാനില്‍ അധികാരത്തിലുള്ളത്.
ഈ മാസം ഏഴിനാണ് നവാസ് ശരീഫിനെയും മകളെയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷിച്ചത്. നവാസ് ശരീഫിനെ പത്ത് വര്‍ഷം തടവിനും മറിയത്തെ ഏഴ് വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ശരീഫ് എട്ട് ദശലക്ഷം പൗണ്ടും മറിയം രണ്ട് ദശലക്ഷം പൗണ്ടും പിഴയടക്കാനും ലണ്ടനില്‍ ശരീഫിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.
വിധി പ്രഖ്യാപിനത്തിനു പിന്നാലെ അപ്പീല്‍ നല്‍കുന്നതിന് പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിമാനമിറങ്ങുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ എന്‍ എ ബി ഉദ്യോഗസ്ഥരും പഞ്ചാബ് സര്‍ക്കാറും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അബൂദബിയില്‍ നിന്ന് ഇവര്‍ കയറിയ വിമാനം വൈകീട്ട് അഞ്ചിനായിരുന്നു ലാഹോറില്‍ എത്തേണ്ടിയിരുന്നത്. നാല് മണിക്കൂറോളം വൈകിയാണ് വിമാനം എത്തിയത്.

ക്രമസമാധാനം ഉറപ്പാക്കാന്‍ വന്‍ സുരക്ഷാ സംവിധാനമാണ് വിമാനത്താവളത്തിനകത്തും പുറത്തും ഒരുക്കിയിരുന്നത്. തിരിച്ചെത്തുന്ന ശരീഫിനെ സ്വീകരിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പി എം എല്‍ എന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ശരീഫിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി.
പാനമ രേഖകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നവാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യനാക്കിയത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം നവാസ് ശരീഫിനും മക്കള്‍ക്കുമെതിരെ മൂന്ന് കേസുകളാണ് എന്‍ എ ബി രജിസ്റ്റര്‍ ചെയ്തത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ശരീഫിന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് പാനമ രേഖകളിലുള്ളത്.