കരിപ്പൂരില്‍ സൗദിയയുടെ ജിദ്ദാ സര്‍വീസ് ആഗസ്റ്റ് മുതല്‍

Posted on: July 13, 2018 9:47 pm | Last updated: July 14, 2018 at 9:37 am

ജിദ്ദ/ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങളുടെ(കോഡ്ഇ) സര്‍വീസ് ആഗസ്റ്റ് മുതല്‍ ആരംഭിക്കുമെന്ന് സൂചന.  മൂന്ന് വര്‍ഷമായി മുടങ്ങിയിരുന്ന കരിപ്പൂര്‍ ജിദ്ദാ സര്‍വ്വീസ് സൗദി എയര്‍ലൈന്‍സാണ് പുനരാരംഭിക്കാന്‍ പോകുന്നത്.
ഇത് സംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ വകുപ്പു മന്ത്രിയുമായും ഡിജിസിഎയുമായും നടന്ന കൂടിക്കാഴ്ചക്കു ശേഷം മലബാര്‍ ഡവലപ്‌മെന്റ് ഫോറം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്നിവയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിനു വേണ്ടി സമര രംഗത്ത് സജീവമായി നിലകൊള്ളുന്ന സംഘടനയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം.

ജൂലൈയില്‍ കോഡ് ഇ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്നും എം ഡി എഫ് നേതൃത്വം ചര്‍ച്ചകള്‍ക്കു ശേഷം ഡല്‍ഹിയില്‍ പറഞ്ഞു. കോഡ് ഇ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ സൗദി എയര്‍ലൈന്‍സിനായിരിക്കും ജിദ്ദ കരിപ്പൂര്‍ സര്‍വീസ് ആദ്യം നടത്താനാവുക. മാസങ്ങള്‍ക്കു മുമ്പേ സൗദിയ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.