Connect with us

Gulf

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കയച്ച മൃതദേഹം മാറി; വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം എത്തിയത് തമിഴ്‌നാട് സ്വദേശിയുടേത്

Published

|

Last Updated

അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോടടേക്ക് അയച്ച മൃതദേഹം മാറി. വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹത്തിന് പകരം എത്തിയത് തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം. അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ച വയനാട് അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ പായികൊല്ലിയില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹമാണ് മാറിപ്പോയത്. നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ രാമനാഥപുരം മാധവനൂര്‍ സ്വദേശി കൃഷ്ണന്റെ മൃതദേഹം ഇന്നലെ രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

മരിച്ച നിഥിന്‍

ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി പെട്ടി തുറന്നുനോക്കിയപ്പോള്‍ മറ്റൊരു മൃതദേഹമാണ് കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിഥിന്റെ മൃതദേഹം ഇവിടെ തന്നെയുള്ളതായും പകരം അബുദാബിയില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചതായും കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന.

ബത്തേരി ആശുപത്രി മോര്‍ച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും. അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച നിഥിന്റെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി നിഥിന്റെ അയല്‍വാസി രാകേഷ് നായരും സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസറും അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി