Connect with us

Gulf

ഹജ്ജ്: ആദ്യ വിദേശ തീര്‍ത്ഥാടകര്‍ ശനിയാഴ്ച മുതല്‍ എത്തിത്തുടങ്ങും; ആദ്യ സംഘം ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന്

Published

|

Last Updated

ജിദ്ദ/മദീന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ശനിയാഴ്ച മുതല്‍ സഊദിയില്‍ എത്തിത്തുടങ്ങും. ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടക സംഘം മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ബംഗ്ലാദേശില്‍ നിന്നുള്ള ഹജ്ജ് സംഘം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് എത്തിച്ചേരുക.

ഡല്‍ഹിയില്‍ നിന്ന് 410 തീര്‍ഥാടകരുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മദീനയിലെത്തെുന്നത്. 209 വിമാന സര്‍വീസുകളിലായി 61,400 ഹാജിമാര്‍ ജിദ്ദയിലും 234 വിമാന സര്‍വീസുകളിലായി 67,302 ഹാജിമാര്‍ മദീനയിയിലും എത്തിച്ചേരും.

ഹാജിമാരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സഊദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍ തമീമി അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ, സുരക്ഷാ പരിശോധനകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചെയ്ത് തീര്‍ക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷം മറ്റു രാജ്യങ്ങളില്‍ നിന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആറായിരത്തി എഴുപത്തി രണ്ട് ഫ്‌ലൈറ്റുകളിലായാണ് ഹാജിമാര്‍ സഊദിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തുക. ഇതില്‍ മൂവായിരത്തി മുന്നൂറ്റി എണ്‍പത്തിമൂന്ന് ഫ്‌ലൈറ്റുകള്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും രണ്ടായിരത്തി അറുനൂറ്റി എണ്‍പത്തി ഒന്‍പത് വിമാനങ്ങള്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സര്‍വീസ് നടത്തും.

ഈ വര്‍ഷത്തെ ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദും
സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ ത്വാഹിര്‍ ബന്‍തനിനുമായി കഴിഞ ദിവസം ജിദ്ദയില്‍ വെച്ച്
കൂടിക്കാഴ്ച്ച നടത്തി. ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി സി.ജിയും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഹാജിമാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളാണ് ജിദ്ദ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ഇരുപത്തി ആറ് വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ,136 ചെക്ക്ഇന്‍ കൗണ്ടറുകള്‍, 192 എമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവയില്‍ ഇവയില്‍ ചിലതാണ്.

സിറാജ് പ്രതിനിധി, ദമാം

Latest