റോഡപകടങ്ങളില്‍ മരിച്ചവരിലേറെയും സ്വദേശികളെന്ന് ഷാര്‍ജ പോലീസ്

Posted on: July 13, 2018 8:01 pm | Last updated: July 13, 2018 at 8:01 pm

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ ഏറെയും സ്വദേശികളെന്ന് ഷാര്‍ജ പോലീസ്. നടപ്പ് വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളിലുണ്ടായ അപകടങ്ങളില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്. 30 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഷാര്‍ജ പോലീസ് ട്രാഫിക്ക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് അല്ലായി അല്‍ നഖ്ബി പറഞ്ഞു. നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മരണം കുറഞ്ഞിട്ടുണ്ട്.പോലീസ് ബോധവല്‍ക്കരണ പരിപാടികളിലൂടെയാണ് അപകട മരണങ്ങള്‍ക്ക് കുറവ് സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അശ്രദ്ധമായി വാഹനമോടിക്കുക, ജംഗ്ഷനുകളില്‍ അശ്രദ്ധയോടെ പ്രവേശിക്കുക, അമിത വേഗത എന്നിവയാണ് അപകടങ്ങളിലേക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാര്‍ജ പോലീസ് ഗതാഗത സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അതിനൂതന സാങ്കേതിക വിദ്യകള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. മികച്ച രീതിയില്‍ സേവനങ്ങള്‍ തയാറാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് സ്മാര്‍ട് കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ഒരുക്കുന്നുണ്ട്. നിര്‍മിത ബുദ്ധി സാങ്കേതികതയുടെ സഹായത്തോടെയാകും സെന്റര്‍ പ്രവര്‍ത്തിക്കുക.
ആദ്യ ആറ് മാസത്തില്‍ 1530 കണ്ട് കെട്ടിയ വാഹനങ്ങളാണ് ഉടമസ്ഥരുടെ വീടുകളോട് ചേര്‍ന്ന് സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പ് വര്‍ഷത്തെ ആദ്യത്തെ ആറു മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ചു കാതലായ കുറവാണ് അപകടങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ആദ്യത്തെ ആറു മാസങ്ങളില്‍ 105 അപകടങ്ങള്‍ സംഭവിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 461 അപകടങ്ങളായിരുന്നു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലെ ഗതാഗതം മികച്ച രീതിയില്‍ നിരീക്ഷിക്കുന്നതിന് വേണ്ടി 500 നിരീക്ഷണ കാമറകളാണ് പുതിയതായി സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.