ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ്: പോലീസ് കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted on: July 13, 2018 12:16 pm | Last updated: July 13, 2018 at 8:06 pm
SHARE

കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന കേസില്‍ പോലീസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. മൊഴിയെടുക്കുന്നതിനായി കര്‍ദിനാളിന്റെ സമയം ചോദിച്ചിട്ടുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ പറഞ്ഞു. കര്‍ദിനാളിനെക്കൂടാതെ കുറുവിലങ്ങാട് പള്ളി വികാരിയുടേയും മൊഴിയെടുക്കും. കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി ഈ മാസം 18ന് മുമ്പ് പോലീസ് സംഘം ജലന്തറിലേക്ക് പോകും.

പാല ബിഷപ്പ് , കര്‍ദിനാള്‍, പള്ളി വികാരി എന്നിവരോട് പീഡനം സംബന്ധിച്ച പരാതി പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കര്‍ദിനാളിന്റേയും പള്ളി വികാരിയുടേയും മൊഴിയെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്. പോലീസില്‍ പരാതിപ്പെടും മുമ്പ് സഭക്കുള്ളില്‍ പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ വാദം സഭ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കന്യാസ്ത്രീ തന്നെ സന്ദര്‍ശിച്ചിരുന്നതായി കര്‍ദിനാള്‍ സമ്മതിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പോലീസ് കര്‍ദിനാളിന്റെ മൊഴിക്കായി കാത്തിരിക്കുന്നത്.