Connect with us

National

ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ബംഗളൂരുവില്‍ ഒഴിവായത് വന്‍ ആകാശദുരന്തം

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ വന്‍ വിമാനദുരന്തം തലനാരിഴക്ക് ഒഴിവായി. 328 യാത്രക്കാരുമായി രണ്ട് വിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് ഉണ്ടാകാമായിരുന്ന ദുരന്തമാണ് നിമിര്‍ഷാര്‍ധങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായത്. ഇഡിഗോ എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ ബംഗളൂരുവിന് മുകളില്‍വെച്ച് നേര്‍ക്കുനേര്‍ വരികയായിരുന്നു. ഇതോടെ കോക്പിറ്റ് അലര്‍ട്ട് ലഭിക്കുകയും ഞൊടിയിടയില്‍ വിമാനങ്ങള്‍ ദിശമാറ്റുകയും ചെയ്തതാണ് അപകടം ഒഴിവാക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റിന്റെ എ-320 വിമാനവും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ തന്നെ മറ്റൊരു വിമാനവുമാണ് ഒരേദിശയില്‍ വന്നത്. വിമാനങ്ങള്‍ തമ്മില്‍ എട്ട്കീലോമീറ്റര്‍ ദൂരപരിധിയിലാണ് നേര്‍ക്കുനേര്‍ വന്നത്. ഇതൊടെ കോക്പിറ്റിലെ ഇന്‍കോക്പിറ്റ് അലാം മുഴങ്ങുകയും എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ഒരു വിമാനം 36000 അടിയിലേക്കും മറ്റൊരു വിമാനം 28000 അടിയിലേക്കും മാറ്റാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. വിമാനങ്ങള്‍ എങ്ങനെ നേര്‍രേഖയില്‍ വന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്‍ഡിഗോ അധികൃതര്‍ തയ്യാറായിട്ടില്ല.

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ട്രാഫിക് കൊളീഷ്യന്‍ അവോയിഡന്‍സ് സിസ്റ്റം (TCAS) കൃത്യമായി പ്രവര്‍ത്തിച്ചതാണ് ദുരന്തം വഴിമാറാന്‍ സഹായിച്ചത്. വിമാനങ്ങള്‍ ഒരേ വ്യോമപാതയില്‍ വന്നാല്‍ പൈലറ്റിന് വിമാനം ഉയര്‍ത്താനും താഴ്ത്താനുമുള്ള സന്ദേശങ്ങള്‍ നല്‍കുന്ന ഓട്ടോമാറ്റിക് സംവിധാനമാണ് ടിസിഎഎസ്.