നടിക്കെതിരെ മോശം പെരുമാറ്റം; ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെ മാറ്റി

Posted on: July 12, 2018 2:05 pm | Last updated: July 12, 2018 at 2:05 pm

കൊച്ചി: ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രമായ നിഷ സാരംഗിനോട് മോശമായി പെരുമാറിയ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍. മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ നേരിട്ട് നിര്‍മിക്കുന്ന പരമ്പരയാണിത്. പരമ്പരക്ക് പുതിയ സംവിധായകനെ നിയമിക്കുമെന്നും ശ്രീകണ്ഠന്‍ നായര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പരാതി ഉന്നയിച്ച നടി തുടര്‍ന്നും ഈ പരമ്പരയില്‍ അഭിനയിക്കും. നടിയുടെ പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയ സംവിധായകനെ മാറ്റാതെ ഇനി ഈ സീരിയലില്‍ അഭിനയിക്കില്ലെന്ന് നിഷ സാരംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ നിന്ന് തന്നെ നീക്കിയെന്നും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പകപോക്കുകയാണെന്നുമുള്ള ആരോപണവുമായി നിഷ സാരംഗ് നേരത്തെ രംഗത്തു വന്നിരുന്നു. മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സീരിയലില്‍ നിന്ന് നീക്കിയെന്നായിരുന്നു നിഷ സാരംഗിന്റെ ആരോപണം.

സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ഉണ്ണികൃഷ്ണന്‍ തന്നോട് പല അവസരങ്ങളിലും മോശമായി പെരുമാറിയിട്ടുണ്ടെന്നും വിലക്കിയിട്ടും വീണ്ടും തുടര്‍ന്നുവെന്നും നിഷ വ്യക്തമാക്കിയിരുന്നു. ചാനല്‍ ഡയറക്ടറോട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും പിന്നീട് മാനസികമായി തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും നിഷ പറഞ്ഞു. നിഷയുടെ പ്രതികരണം വാര്‍ത്തയായതോടെ ചലച്ചിത്ര താര സംഘടനയായ ‘അമ്മ’, സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി, ടെലിവിഷന്‍ സംഘടനയായ ആത്മ എന്നിവ നിഷക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരാദക്കുട്ടി, നടി മാലാ പാര്‍വതി എന്നിവര്‍ക്ക് പുറമെ പ്രേക്ഷകരും രംഗത്തെത്തി. നടിയോട് മോശമായി പെരുമാറിയ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെ മാറ്റണമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ആവശ്യപ്പെട്ടു. ഫഌവേഴ്‌സ് ടി വിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകര്‍ തങ്ങളുടെ പ്രതികരണം അറിയിച്ചത്.