ടാറ്റ നാനോ നിരത്ത് വിടുന്നു; ഉത്പാദനം നിര്‍ത്തി

Posted on: July 12, 2018 1:39 pm | Last updated: July 12, 2018 at 3:38 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി ടാറ്റ അവതരിപ്പിച്ച നാനോ പിന്‍വാങ്ങുന്നു. നാനോയുടെ ഉത്പാദനം ടാറ്റ അവസാനിപ്പിച്ചു. വില കുറഞ്ഞ കാറുകളുടെ വില്‍പന ഇടിഞ്ഞതാണ് ഉത്പാദനം നിര്‍ത്താന്‍ കാരണമെന്ന് ടാറ്റ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ഒരു യൂണിറ്റ് നാനോ മാത്രമാണ് ടാറ്റ ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 275 യൂണിറ്റുകള്‍ ഉത്പാദിപ്പിച്ചിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എല്ലാവര്‍ക്കും കാര്‍ എന്ന സ്വപ്‌നവുമായി നാനോ വിപണിയിലെത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു തുടക്കത്തില്‍ കാറിന്റെ വില. ഒരു ലക്ഷം രൂപയുടെ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ കുറച്ച് കാറുകള്‍ ഒരു ലക്ഷം രൂപക്ക് നല്‍കി വാക്ക് പാലിച്ച ടാറ്റ പിന്നീട് നാനോയുടെ വില കുത്തനെ ഉയര്‍ത്തി. നിലവില്‍ 2.25 ലക്ഷം മുതല്‍ 3.20 ലക്ഷം രൂപ വരെയാണ് നാനോയുടെ എക്‌സ് ഷോറും വില. നാനോയുടെ ഓട്ടോമാറ്റിക് വകഭേദവും ടാറ്റ അവതരിപ്പിച്ചിരുന്നു.

നാനോയക്ക് പകരമായി ഇലക്‌ട്രോണിക് കാര്‍ അവതരിപ്പിക്കാന്‍ ആലോചിക്കുന്നതായി ടാറ്റ കഴിഞ്ഞ ആഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.