സ്വവര്‍ഗാനുരാഗികളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറണം: സുപ്രീം കോടതി

Posted on: July 12, 2018 1:29 pm | Last updated: July 12, 2018 at 10:02 pm

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളെ കുറിച്ച് സമൂഹത്തിന് തെറ്റിദ്ധാരണയുണ്ടെന്നും അത് മാറേണ്ടതാണെന്നും സുപ്രീം കോടതി. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377ആം വകുപ്പ് ഇല്ലാതായാല്‍ ഈ തെറ്റിദ്ധാരണ മാറുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും സ്വവര്‍ഗ അനുരാഗം ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. സ്വവര്‍ഗ അനുരാഗം മാനസിക രോഗമായാണ് കണക്കാക്കുന്നത്. സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും സമ്മര്‍ദം കാരണം സ്വഭാവം മറച്ചു വെച്ചു വിവാഹിതരാകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നുവെന്നും ജസ്റ്റിസ് മല്‍ഹോത്ര വ്യക്തമാക്കി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377ആം വകുപ്പിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയോ പിന്തുണയക്കുകയോ ചെയ്തിരുന്നില്ല. സുപ്രീം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

നേരത്തേ, സ്വവര്‍ഗരതി നിയമവിധേയമാക്കിയാല്‍ ഇടപെടുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഹരജി ഭരണഘടനാ ബഞ്ചിലെത്തിയപ്പോഴാണ് കേന്ദ്രം നിലപാട് മാറ്റിയത്. ഐ പി സി 377ാം വകുപ്പനുസരിച്ച് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. ഇതിന്റെ നിയമസാധുത പരിശോധിക്കുന്ന ഹരജികളിലാണ് ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുന്നത്. ഇവരുടെ വിവാഹം, ഒന്നിച്ച് ജീവിക്കല്‍, വിവാഹ മോചനം എന്നിവയും പരിഗണിക്കണമെന്ന് എല്‍ ജി ബി ടി സമൂഹം ആവശ്യപ്പെട്ടിരുന്നു.