യുവതിയെ പീഡിപ്പിച്ച കേസ്: ഒരു ഓര്‍ത്തഡോക്‌സ് വെദികന്‍ കീഴടങ്ങി

Posted on: July 12, 2018 11:37 am | Last updated: July 12, 2018 at 3:55 pm
SHARE

കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ. ജോബ് മാത്യു ആണ് കീഴടങ്ങിയത്. കൊല്ലത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്.

കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹരജികളാണ് തള്ളിയത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, അറസ്റ്റിന് അനുമതി നല്‍കിയിരുന്നു. ജാമ്യപേക്ഷകള്‍ തള്ളിക്കൊണ്ട് വൈദികര്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് കോടതി നടത്തിയത്.

ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ട മൃഗങ്ങളെപ്പോലെയാണ് പെരുമാറിയതെന്നും വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത് അവര്‍ യുവതിയെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നില്‍ യുവതി നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.