‘ചില്‍ ബസു’മായി കെ എസ് ആര്‍ ടി സിയുടെ പുതിയ പരീക്ഷണം

Posted on: July 12, 2018 9:40 am | Last updated: July 12, 2018 at 9:40 am
SHARE

തിരുവനന്തപുരം: പ്രതിസന്ധിയില്‍ ഉഴറുന്ന കെ എസ് ആര്‍ ടി സിയില്‍ പുതിയ പരീക്ഷണവുമായി മാനേജ്‌മെന്റ്. വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈ ബസ് പദ്ധതിക്ക് പിന്നാലെയാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കെ എസ് ആര്‍ ടി സിയുടെ വോള്‍വോ ബസുകള്‍ സര്‍വീസിന് ഒരുങ്ങുന്നത്. ഒരു മണിക്കൂര്‍ ഇടവേളകളില്‍ ദേശീയ പാതയിലൂടെയും എം സി റോഡിലൂടെയും നിരത്തിലിറങ്ങുന്ന ബസുകളുടെ സര്‍വീസ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് സി എം ഡി. ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ഇതിനായി കെ എസ് ആര്‍ ടി സിയുടെ കൈവശമുള്ള 219 ലോ ഫ്‌ളോര്‍ എ സി ബസുകളില്‍ 209 എണ്ണം ഉപയോഗിക്കും. 1.35 കോടി രൂപ വിലവരുന്ന വോള്‍വോ ബസുകളില്‍ അധികവും പൂര്‍ണതോതില്‍ ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യത്തിലാണ് പുനഃക്രമീകരണം.

നിലവില്‍ ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ എ സി ബസുകളെ പിന്‍വലിച്ച് ദീര്‍ഘദൂര സര്‍വീസിലേക്ക് മാറ്റിയാണ് കെ എസ് ആര്‍ ടി സിയുടെ പരീക്ഷണം. നിലവില്‍ വളരെ കുറഞ്ഞ എണ്ണം ശീതീകരിച്ച ലോ ഫ്‌ളോര്‍ ബസുകള്‍ ഹ്രസ്വദൂര സര്‍വീസ് നടത്തുകയും അതിലേറെ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിടുകയും ചെയ്ത സാഹചര്യം കെ എസ് ആര്‍ ടി സിക്ക് വന്‍ നഷ്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ഓരോ ഡിപ്പോയിലും അറ്റകുറ്റപ്പണിക്ക് കയറ്റി ആഴ്ചകളോളം ഡിപ്പോകളില്‍ തന്നെ കിടക്കുന്നതാണ് കെ എസ് ആര്‍ ടി സിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നത്. വോള്‍വോ കമ്പനിയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ഓരോ ഡിപ്പോയിലും ആളെത്തണം എന്നതാണ് ബസുകള്‍ ആഴ്ചകളോളം ഡിപ്പോകളില്‍ കിടക്കുന്നതിന് കാരണമാകുന്നത്. അതിനാല്‍ ഇനിമുതല്‍ മൂന്ന് ഡിപ്പോകളില്‍ മാത്രമായി ഇതിന്റെ ഓപ്പറേഷനും മെയിന്റനന്‍സും ചുരുക്കും. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസുകള്‍ നിശ്ചയിക്കാനുമാണ് തീരുമാനം.

ചില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ബസ് സ്റ്റേഷനുകളില്‍ ഫ്്‌ളൈ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെ സ്ഥിരം ബസ് വേകള്‍ ക്രമീകരിക്കും. നിലവില്‍ കെ എസ് ആര്‍ ടി സിയുടെ ബസുകളില്‍ ഭുരിഭാഗവും 10 മണിക്കൂര്‍ ഓടുന്നില്ല. ഈ സാഹചര്യത്തില്‍ കിഫ്്ബിയില്‍ നിന്നും വായ്്പയെടുത്ത് കൂടുതല്‍ പുതിയ ബസുകള്‍ ഓടിക്കുന്നത് ഗുണകരമാകില്ലെന്ന് സി എം ഡി പറഞ്ഞു. അതിനാല്‍ നിലവിലുള്ള ബസുകള്‍ സമയബന്ധിതമായി പുനഃക്രമീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തി ല്‍ 600 ഓളം വരുന്ന സൂപ്പര്‍ ക്ലാസ് ബസുകളും പുനഃക്രമീകരിക്കും. തുടര്‍ന്ന് 1200ഓളം വരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും തുടര്‍ന്ന് നാലായിരത്തില്‍ അധികം വരുന്ന ഓര്‍ഡിനറി സര്‍വീസുകളും പുനഃക്രമീകരിക്കും.

ഇതിനായി നിലവില്‍ ഓരോ ഡിപ്പോയിലും ചെറിയ റൂട്ടുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജവഹര്‍ലാല്‍ നെഹ്‌റു നഗര നവീകരണ മിഷന്‍ (ജനറം) പദ്ധതിയിലെ വോള്‍വോ ബസുകളെ പിന്‍വലിക്കും. ഇവയില്‍ മിക്കതും അറ്റകുറ്റപ്പണിക്ക് കയറ്റി ആഴ്ചകളോളം ഡിപ്പോകളില്‍ കിടക്കുകയാണിപ്പോള്‍. ഇതു വന്‍ നഷ്ടമാണ് കെ എസ് ആര്‍ ടി സിക്ക് വരുത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകള്‍ മാത്രമായാണ് ചില്‍ ബസുകളുടെ ഓപ്പറേഷന്‍ സെന്ററുകള്‍ ക്രമീകരിക്കുക. ഇതുവഴി ക്രൂവുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താന്‍ കഴിയും. ഇതിനോടൊപ്പം സ്്‌പെയര്‍ ബസുകളുടെ വിവിധ ഡിപ്പോകളില്‍ ക്രമീകരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കപ്പെടും. കൂടുതല്‍ ബസുകള്‍ നിരത്തിലെത്തിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here