Connect with us

National

ബിഹാര്‍ എന്‍ ഡി എയിലെ ആശയക്കുഴപ്പം; അമിത് ഷാ- നിതീഷ് കൂടിക്കാഴ്ച ഇന്ന്

Published

|

Last Updated

പാറ്റ്‌ന: തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. ജെ ഡി യു കഴിഞ്ഞ വര്‍ഷം എന്‍ ഡി എയുടെ ഭാഗമായി വീണ്ടും വന്നതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറില്‍ എത്തുന്നത്.

സംസ്ഥാനത്ത് ജെ ഡി യുവാണ് വലിയ പാര്‍ട്ടിയെന്നും ആകെയുള്ള 40 ലോക്‌സഭാ സീറ്റുകളില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വക്താക്ക ള്‍ ആവര്‍ത്തിച്ച് വ്യക്കമാക്കിയിരുന്നു. ലോക്‌സഭയില്‍ എന്‍ ഡി എയുമായി സഖ്യം തുടരുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് ജെ ഡി യു ദേശീയ നിര്‍വാഹക സമിതിയില്‍ തീരുമാനമായത്.
ഇന്ന് രാവിലെ പത്തോടെ പാറ്റ്‌നയില്‍ വിമാനമിറങ്ങുന്ന അമിത് ഷാ സംസ്ഥാന ഗസ്റ്റ് ഹൗസില്‍ എത്തി നിതീഷിനും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്നാണ് ബി ജെ പി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒരുക്കുന്ന അത്താഴ വിരുന്നിനും ഷാ ഉണ്ടാകും. ഈ രണ്ട് ഭക്ഷണനേരത്തിനും ഇടയിലായിരിക്കും നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുക. അമിത് ഷായുടെ ബിഹാര്‍ സന്ദര്‍ശനം ചരിത്രപരവും മഹത്തരവുമായിരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ റായ് പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വെപ്പായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 31 സീറ്റുകളും നേടിയത് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ ആയിരുന്നു. ഒറ്റക്ക് മത്സരിച്ച ജെ ഡി യുവിന് ജയിക്കാന്‍ കഴിഞ്ഞത് വെറും രണ്ട് സീറ്റുകളിലാണ്. എല്‍ ജെ പി (6), ആര്‍ എല്‍ എസ് പി (3) എന്നിവരായിരുന്നു അന്ന് ബി ജെ പിയുടെ സഖ്യകക്ഷികള്‍. യു പി എയുടെ ഭാഗമായി മത്സരിച്ച ആര്‍ ജെ ഡി നാലും കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ്, ആര്‍ ജെ ഡി കക്ഷികളുമായുള്ള വിശാല സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാറിന്റെ പാര്‍ട്ടി എന്‍ ഡി എയുടെ ഭാഗമായത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ “വല്യേട്ടന്‍” തങ്ങളാണെന്നും കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം വക്താവ് കെ സി ത്യാഗി പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു ശക്തമായ മുദ്ര പതിപ്പിക്കും. നിതീഷ് കുമാറായിരിക്കും സംസ്ഥാനത്തെ എന്‍ ഡി എയുടെ മുഖം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുകയാണ് ജെ ഡി യുവിന്റെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം തൃപ്തികരമായാല്‍ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായിരിക്കുമെന്നും ത്യാഗി പറഞ്ഞിരുന്നു.

ഈ നിലപാട് ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ വലിയ വിള്ളല്‍ തീര്‍ത്തേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. 17 സീറ്റുകളെങ്കിലും മത്സരിക്കാന്‍ ആവശ്യപ്പെടണമെന്നാണ് ജെ ഡി യുവിലെ പൊതുവികാരം. എന്നാ ല്‍, പാര്‍ട്ടി വക്താക്കള്‍ ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് ജെ ഡി യു നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest