കീറത്തുണി കൊണ്ട് റെയില്‍വേ ‘അറ്റകുറ്റപ്പണി’

Posted on: July 12, 2018 12:13 am | Last updated: July 12, 2018 at 12:13 am
SHARE

മുംബൈ: വിള്ളല്‍ വീണതിനാല്‍ കീറത്തുണി കൊണ്ട് വരിഞ്ഞുകെട്ടിയ റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ കടന്നുപോയി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യമുള്ളത്. മഴക്കെടുതിയില്‍ തകര്‍ന്ന മുംബയിലെ സബര്‍ബന്‍ റെയില്‍പ്പാളത്തിലാണ് ഈ ‘അറ്റകുറ്റപ്പണി’ നടന്നത്. വേര്‍പെട്ടുപോയ റെയില്‍പ്പാളം ഒരാള്‍ കീറത്തുണി കൊണ്ട് ചേര്‍ത്തുകെട്ടുന്നതും വീഡിയോയില്‍ ഉണ്ട്.
മുംബൈ സബര്‍ബനില്‍ ഗോവന്ദി- മന്‍ഖുര്‍ദ് റൂട്ടിലാണ് പാളത്തില്‍ വിള്ളല്‍ വീണത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഈ വിള്ളല്‍ ഒരാള്‍ തുണിക്കഷണം കൊണ്ട് കെട്ടിയോജിപ്പിക്കുകയായിരുന്നു. വൈകാതെ ഇത് വഴി പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുകയും ചെയ്തു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഉടനെ റെയില്‍വേ വകുപ്പ് ഇടപെടുകയും തകരാര്‍ പരിഹരിക്കുകയും ചെയ്തു. എന്നാല്‍, വീഡിയോയില്‍ കാണുന്നത് പോലെയല്ല കാര്യമെന്നാണ് അധികൃതരുടെ വിശദീകരണം. വേര്‍പെട്ട പാളങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനല്ല, തകരാര്‍ അടയാളപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് തുണി കെട്ടിവെച്ചതെന്ന് റെയില്‍വേ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍, ഈ വിശദീകരണം വിശ്വസനീയമല്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനായ സമീര്‍ ജവേരി പറഞ്ഞു. ഇക്കാര്യത്തില്‍ റെയില്‍വേ സുക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന കനത്ത മഴ കാരണം മുംബൈയിലെ മൂന്ന് സബര്‍ബന്‍ റെയില്‍പ്പാതയിലും ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here