പോലീസിലെ ദാസ്യപ്പണി: പി വി രാജുവിനെ സ്ഥലം മാറ്റി

Posted on: July 12, 2018 12:04 am | Last updated: July 12, 2018 at 12:04 am
SHARE

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിന് സ്ഥലം മാറ്റം. തൃശൂര്‍ കെ എ പി (ഒന്ന്) ബറ്റാലിയനിലേക്കാണ് പി വി രാജുവിനെ സ്ഥലം മാറ്റിയത്. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ക്യാമ്പ് ഫോളോവര്‍മാരെ തന്റെ വീട്ടിലെ ടൈല്‍സിന്റെ പണിക്കുപയോഗിച്ചുവെന്നാണ് രാജുവിനെതിരായ ആരോപണം. ആരോപണം ബറ്റാലിയന്‍ ഐ ജി ഇ ജെ ജയരാജ് അന്വേഷിച്ചിരുന്നു. രാജുവിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ക്യാമ്പ് ഫോളോവര്‍മാരെ വീട്ട് ജോലിക്ക് ഉപയോഗിച്ചുവെന്നുമാണ് ഐ ജി കണ്ടെത്തിയത്. ഐ ജിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക് കഴിഞ്ഞ മാസം കൈമാറിയിരുന്നു. ഡി ജി പി ഐ ജിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും കൈമാറി. ഡി ജി പിയുടെ റിപ്പോര്‍ട്ടിലും പി വി രാജുവിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും ഇടപെടലിലാണ് പി വി രാജുവിനെ തൃശൂര്‍ കെ എ പിയിലേക്ക് സ്ഥലം മാറ്റിയത്.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ഫോളോവര്‍മാരെ ദാസ്യപ്പണിക്ക് ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ്പി വി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. പി വി രാജു ക്യാമ്പ് ഫോളവര്‍മാരെ ദാസ്യപ്പണിക്ക് ഉപയോഗിക്കുന്നുവെന്ന ഐ ജി ജയരാജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി സംസ്ഥാന സര്‍ക്കാറിനോട് നടപടിയാവശ്യപ്പെട്ടത്.
ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പി വി രാജുവിനെതിരെ അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ പി വി രാജു തന്റെ വീട്ടില്‍ ടൈല്‍സ് പണിക്കും കോണ്‍ക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു. വീട്ടില്‍ ജോലി ചെയ്യുന്ന സമയത്തും ഹാജര്‍ ബുക്കില്‍ ഒപ്പിടുവിപ്പിക്കുകയും എന്നാല്‍ ജോലിക്ക് വീട്ടിലെത്തിച്ചവര്‍ക്ക് ഭക്ഷണമോ പ്രതിഫലമോ നല്‍കിയിരുന്നില്ലെന്നും ക്യാമ്പ് ഫോളോവര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ഐ ജി ജയരാജ് ബറ്റാലിയന്‍ എ ഡി ജി പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി വി രാജുവിനെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ നല്‍കിയിരുന്നു.

ഇതിനിടെ, പി വി രാജുവിനെതിരെ വകുപ്പുതല നടപടിയാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ ശിപാര്‍ശ മറികടന്ന് ആരോപണ വിധേയനായ എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ്പി വി രാജുവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കുമാണ് പി വി രാജു പരാതി നല്‍കിയിരുന്നത്.