Connect with us

Articles

ചിരിക്കും കരച്ചിലിനുമിടയില്‍

Published

|

Last Updated

മുഖ്യധാരാ സിനിമയും ടെലിവിഷന്‍ വിനോദപരിപാടികളും ആണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംസ്‌കാര വ്യവസായ യൂനിറ്റുകള്‍ എന്നെല്ലാവര്‍ക്കുമറിയാം. സിനിമ അതിന്റെ ഇതിവൃത്ത തിരഞ്ഞെടുപ്പ്, ആഖ്യാന നിര്‍ബന്ധങ്ങള്‍, വ്യവസായ-വാണിജ്യ നിയമങ്ങള്‍, ആസ്വാദന മുന്‍ധാരണകള്‍ എന്നിങ്ങനെയുള്ള പ്രാഥമിക മേഖലയില്‍ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതികളാണ് പിന്തുടരുന്നത്. സിനിമക്കു പിറകെ ടെലിവിഷന്‍ സീരിയല്‍ രംഗത്തും സമാനമായ പീഡന ദുരന്ത വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. കണ്ണീര്‍ സീരിയലുകളാണ് വിനോദ ചാനലുകളില്‍ വൈകുന്നേരം മുഴുവനും. അമ്മായിയമ്മപ്പോര്, നാത്തൂന്‍ പോര്, സ്വത്തിനു വേണ്ടി എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന കുടുംബാംഗങ്ങള്‍, അതില്‍ തന്നെ അധികവും സ്ത്രീകള്‍ എന്നിങ്ങനെ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്ന തരത്തിലുള്ള ഇതിവൃത്താഖ്യാനങ്ങള്‍ കൊണ്ട് അസഹനീയമായ നിലയാണ് കണ്ണീര്‍ സീരിയലുകള്‍ക്കുള്ളത്.

ആധുനിക കാലത്ത് മുതലാളിത്തം ജനങ്ങളെ മയക്കിക്കിടത്താനായി സംസ്‌കാരത്തെ വ്യവസായമാക്കി വളര്‍ത്തുമെന്ന് വ്യക്തമായി വ്യാഖ്യാനിച്ചത് തിയഡോര്‍ ഡബ്ല്യൂ അഡോര്‍ണോ ആണ്. ഫാക്ടറിയില്‍ നിന്ന് ജനപ്രിയ സാംസ്‌കാരിക വിനിമയോപാധികള്‍ -സിനിമ, റേഡിയോ പരിപാടികള്‍, മാഗസിനുകള്‍ – എന്നിവ വര്‍ധമാനമായ രീതിയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയും ബഹുജന സമൂഹത്തെ വരുതിയിലാക്കുന്ന തരത്തില്‍ അവരുടെ ഇഷ്ടങ്ങളെയും ആഹ്ലാദാഭിരുചികളെയും നിര്‍ണയിക്കുകയും ചെയ്യുകയാണ് സംസ്‌കാരവ്യവസായത്തിന്റെ രീതികള്‍. എത്ര മാരകമായ സാമ്പത്തിക ചൂഷണത്തിന് വിധേയരായവരാണെങ്കില്‍ പോലും അതൊന്നും തിരിച്ചറിയാന്‍ വയ്യാത്ത വിധത്തില്‍ ഈ ജനപ്രിയാഹ്ലാദങ്ങളുടെ മയക്കത്തടവറയിലായിരിക്കും മുഴുവന്‍ ജനങ്ങളും. സ്വാതന്ത്ര്യം, സര്‍ഗാത്മകത, യഥാര്‍ഥ സന്തോഷം എന്നിവയെല്ലാം ക്രമേണ ഇല്ലാതാകുന്നു. തീവ്രമുതലാളിത്തത്തിന്റെയും പിന്നീട് ഫാസിസത്തിന്റെയും അടിമകളും വിധേയരുമായി ജനങ്ങളെ പരുവപ്പെടുത്തിയെടുക്കുകയാണ് സംസ്‌കാര വ്യവസായം ചെയ്യുന്നത്.

കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട സംസ്‌കാര വ്യവസായ മാതൃകകള്‍ എപ്രകാരമാണ് മലയാളികളോട് പെരുമാറുന്നത് എന്ന് ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത് നന്നായിരിക്കും. മുഖ്യധാരാ സിനിമയും ടെലിവിഷന്‍ വിനോദപരിപാടികളും ആണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംസ്‌കാര വ്യവസായ യൂനിറ്റുകള്‍ എന്നെല്ലാവര്‍ക്കുമറിയാം. സിനിമ അതിന്റെ ഇതിവൃത്ത തിരഞ്ഞെടുപ്പ്, ആഖ്യാന നിര്‍ബന്ധങ്ങള്‍, വ്യവസായ-വാണിജ്യ നിയമങ്ങള്‍, ആസ്വാദന മുന്‍ധാരണകള്‍ എന്നിങ്ങനെയുള്ള പ്രാഥമിക മേഖലയില്‍ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതികളാണ് പിന്തുടരുന്നത്. അതിന്റെ ദ്വിതീയ മേഖലയായ ഫാന്‍സ് അസോസിയേഷനുകള്‍, സംഘടനകള്‍, രാഷ്ട്രീയ -സാമ്പത്തിക -ബന്ധങ്ങള്‍ എന്നീ രംഗങ്ങളിലെത്തുമ്പോഴാകട്ടെ ഈ ജനാധിപത്യ വിരുദ്ധത വീണ്ടും വര്‍ധിക്കുന്നതായികാണാം.
തൊണ്ണൂറ് കൊല്ലങ്ങള്‍ക്കു മുമ്പ് വിഗതകുമാരനിലൂടെയാണ് മലയാള സിനിമ ആരംഭിച്ചത്. നായര്‍ സമുദായക്കാരിയായ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ദളിത് സമുദായാംഗമായ പി കെ റോസിയായിരുന്നു. സവര്‍ണ മേലാള വര്‍ഗത്തില്‍ പെട്ടവരും അവരാല്‍ നിര്‍ണയിക്കപ്പെട്ടവരുമായ കാണികള്‍ക്ക് അതുള്‍ക്കൊള്ളാനായില്ല. ആദ്യ പ്രദര്‍ശനം നടത്തിയ തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തിയേറ്റര്‍ നശിപ്പിക്കപ്പെടുകയും പി കെ റോസി തിരിച്ചുവരാനാവാത്ത വണ്ണം നാടു കടത്തപ്പെടുകയും ചെയ്തു. പിന്നീടൊരുകാലത്തും മലയാള സിനിമയില്‍ ഒരു ദളിത് നടിക്ക് നായികാവേഷമവതരിപ്പിക്കാനായിട്ടില്ല. എന്തിന്, ദളിതനും കറുത്ത തൊലി നിറമുള്ളയാളുമായിരുന്ന കലാഭവന്‍ മണി നായകവേഷമവതരിപ്പിച്ചപ്പോള്‍ ഒപ്പം നായികയായഭിനയിക്കാന്‍ നിരവധി നടികള്‍ വിസമ്മതം പ്രകടിപ്പിക്കുക പോലുമുണ്ടായി.
പുരോഗമന വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് എന്നവകാശപ്പെട്ടിരുന്ന അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമ, സ്ത്രീകളെയും ദളിതരെയും അപരവത്കരിക്കുന്ന ആഖ്യാന സമ്പ്രദായങ്ങളാണ് പിന്തുടര്‍ന്നിരുന്നത് എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നീലക്കുയിലിലെ നായികയായിരുന്ന നീലി തന്റെ അവിഹിത ഗര്‍ഭത്തിനുത്തരവാദിയാര് എന്നു തുറന്നു പറഞ്ഞിരുന്നില്ല. അത്തരമൊരു കര്‍തൃത്വത്തെ എന്തിനാണ് പി ഭാസ്‌ക്കരനും രാമു കാര്യാട്ടും നിര്‍മിച്ചെടുത്തത് എന്ന് പില്‍ക്കാലത്ത് നിരന്തരം ചോദ്യമുന്നയിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ഏതായാലും, അതിനു ശേഷം മുഖ്യധാരാ മലയാള സിനിമയുടെ ആഖ്യാനത്തിനകത്ത് പിഴച്ചു പെറ്റ ഒരുസ്ത്രീക്കും മാന്യമായ ജീവിതത്തിലെത്തിച്ചേരാന്‍ കഴിയാത്ത വിധത്തില്‍ സദാചാരപ്പൂട്ടിനാല്‍ കെട്ടിയിടപ്പെടുകയോ പുറന്തള്ളപ്പെടുകയോചെയ്തു.
മുഴുവന്‍ മുസ്‌ലിം കഥാപാത്രങ്ങളുള്ള ഓളവും തീരവും (എം ടി, പി എന്‍ മേനോന്‍) എന്ന സിനിമയെ, സാമാന്യ മലയാളികാണിക്ക് പരിചയമില്ലാത്ത പ്രദേശത്തിന്റെ കഥയെന്നായിരുന്നു പ്രാമാണിക നിരൂപകന്‍ വ്യാഖ്യാനിച്ചത്. അതായത്, സാമാന്യ മലയാളികാണി എന്നത് മധ്യതിരുവിതാംകൂറുകാരനും സവര്‍ണ ഹിന്ദുവുമാണ് എന്നു ചുരുക്കം
ആഖ്യാനത്തിനകത്തുള്ള ഇത്തരം ഒതുക്കലുകളും തമസ്‌കരണങ്ങളും നിരാകരണങ്ങളും കടന്ന് വ്യവസായ നിര്‍വഹണത്തിന്റെ മേഖലയില്‍ രൂക്ഷമായ പീഡന ദുരന്തങ്ങള്‍ക്കാണ് നടിമാര്‍വിധേയരായത്. എത്രയോ നടികള്‍ – അവരില്‍ പ്രശസ്തരും അപ്രശസ്തരും വരും – ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലും അവസാനിച്ചു. വിജയശ്രീയും റാണിചന്ദ്രയും സില്‍ക്ക് സ്മിതയും ശോഭയും മറ്റും ഇത്തരത്തില്‍ ദുരൂഹമരണം ഏറ്റുവാങ്ങിയവരാണ്. കെ പി എ സി ലളിത അവരുടെ ആത്മകഥയായ കഥ തുടരും എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ അക്കാലത്തെ ഒരു ഹാസ്യസൂപ്പര്‍ താരം അവരെ ഹീനമായി ഉപദ്രവിച്ചതിന്റെ വിവരണമെഴുതിയിട്ടുണ്ട്.

എന്നാല്‍, പുതിയ കാലത്തുണ്ടായ മാറ്റമെന്നത്, സ്ത്രീകളും മറ്റുംകൃത്യമായി പ്രതികരിക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങി എന്നതാണ്. സഹപ്രവര്‍ത്തകയെ നടുറോഡിലെ വാഹനത്തില്‍വെച്ച് ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന കുറ്റമാരോപിക്കപ്പെട്ട് മാസങ്ങള്‍ ജയിലില്‍ കിടന്ന സൂപ്പര്‍ താരത്തെ സംരക്ഷിക്കുന്ന നിലപാടാണ് അഭിനേതാക്കളുടെ സംഘടന എടുക്കുന്നത് എന്നു തുറന്നു പറഞ്ഞുകൊണ്ട് വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്(ഡബ്ല്യൂ സി സി) പോരാട്ടത്തിലാണ്. നൈതികതയും ധാര്‍മികതയും യഥാര്‍ഥ സദാചാരബോധവുമുള്ള മുഴുവന്‍ മലയാളികളും ഈ പോരാട്ടത്തില്‍ ഡബ്ല്യൂ സി സിക്കൊപ്പമാണ്.
ഡബ്ല്യൂ സി സി ഉന്നയിച്ച പ്രശ്‌നങ്ങളോട് ആത്മാര്‍ഥമായ സമീപനമാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റീസ് ഹേമ അധ്യക്ഷയും നടി ശാരദയും കെ ബി വത്സലകുമാരി ഐ എ എസും അംഗങ്ങളുമായി ഒരു കമ്മിറ്റി തന്നെ സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കി നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കേണ്ടതുമാണ്. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്.
സിനിമക്കു പിറകെ ടെലിവിഷന്‍ സീരിയല്‍ രംഗത്തും സമാനമായ പീഡന ദുരന്ത വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. കണ്ണീര്‍ സീരിയലുകളാണ് വിനോദ ചാനലുകളില്‍ വൈകുന്നേരം മുഴുവനും. അമ്മായിയമ്മപ്പോര്, നാത്തൂന്‍ പോര്, സ്വത്തിനു വേണ്ടി എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന കുടുംബാംഗങ്ങള്‍, അതില്‍ തന്നെ അധികവുംസ്ത്രീകള്‍ എന്നിങ്ങനെ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്ന തരത്തിലുള്ള ഇതിവൃത്താഖ്യാനങ്ങള്‍ കൊണ്ട് അസഹനീയമായ നിലയാണ് കണ്ണീര്‍ സീരിയലുകള്‍ക്കുള്ളത്. ഇതിനു ബദലായി പൊട്ടിപ്പുറപ്പെട്ട ചിരിസീരിയലുകള്‍ക്ക് അടുത്ത കാലത്തായി ജനപ്രിയത വര്‍ധിച്ചിട്ടുണ്ട്.

ഏറെ ജനപ്രിയമായി മാറിക്കഴിഞ്ഞ ഒരു ചിരിസീരിയലിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയോട് സംവിധായകന്‍ അപമര്യാദയായി പെരുമാറി എന്നു മാത്രമല്ല, തെറ്റും നിസ്സാരവുമായ കാരണം പറഞ്ഞ് സീരിയലില്‍ നിന്ന് പുറന്തള്ളാനുള്ള നീക്കങ്ങളുമുണ്ടായി എന്ന് നടിതുറന്നു പറഞ്ഞിരിക്കുന്നു. കുട്ടിയെ നോക്കാത്തവള്‍, അവരെ ഉപേക്ഷിച്ചു പോയവള്‍ എന്നെല്ലാമുള്ള തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് കുടുംബനാഥയായ നായികയെ അപമാനപ്പെടുത്താനുള്ള കഥാനീക്കങ്ങളും സജീവമാണത്രെ. ഗംഭീരം എന്നും അലംഘനീയം എന്നും കരുതി നാം കൊണ്ടാടുന്ന കഥാഗതികള്‍ക്കൊക്കെ പിന്നില്‍ ഇത്തരം മാരകമായ ഏതൊക്കെയോകാരണങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നറിയുന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്.

നവീകരണം അവകാശപ്പെടുന്ന ചാനലുകളും ഇത്തരം കാര്യങ്ങളില്‍ വലിയ പുരോഗമന വീക്ഷണമൊന്നും പ്രകടിപ്പിക്കുന്നില്ലെന്നതാണ്‌വാസ്തവം. മുസ്‌ലിംകളെ കളിയാക്കുന്നതും സ്ത്രീകളെ പരിഹസിക്കുന്നതുമായ ജനപ്രിയ സീരിയലുകള്‍ ഇത്തരം ചാനലുകളില്‍ സാധാരണമാണ്. അടുത്ത കാലത്താരംഭിച്ച ഒരു പുതിയ സീരിയലിന്റെ ആദ്യ എപ്പിസോഡ് തന്നെ തികച്ചും സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി എന്നത് തൊഴിലാളികള്‍ നിര്‍വഹിക്കുന്ന വഞ്ചനാ പരമായ ഒരു കലാപരിപാടിയാണെന്ന് പരിഹസിക്കുന്ന ഈ എപ്പിസോഡും സീരിയലും തികച്ചും ചരിത്രവിരുദ്ധമാണ്.
സിനിമയും സീരിയലും നിലനിര്‍ത്തുക എന്നത് സാമാന്യ മലയാളിയുടെ ബാധ്യതയൊന്നുമല്ല. എന്നാല്‍, അതിനെ ഇല്ലാതാക്കണം എന്നല്ല അപ്പറഞ്ഞതിനര്‍ഥം. ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ള സിനിമയും സീരിയലുമടക്കമുള്ള വിനോദോപാധികള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ശ്രമകരമായ ദൗത്യം. വിമര്‍ശന-നിരൂപണ പ്രക്രിയകളും പഠനവും നിര്‍ഭയമായതുറന്നു പറച്ചിലും ഈ രംഗത്തെ കുറച്ചെങ്കിലും ശുദ്ധീകരിക്കും എന്നാണ് ആ രംഗത്തുള്ള ഒരാള്‍ എന്ന നിലക്ക് എനിക്കു തോന്നുന്നത്.

---- facebook comment plugin here -----

Latest