Connect with us

Kerala

വൈദികര്‍ പെരുമാറിയത് വേട്ടമൃഗങ്ങളെപ്പോലെ: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹരജികളാണ് തള്ളിയത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, അറസ്റ്റിന് അനുമതി നല്‍കി.
കേസ് ഡയറി വിശദമായി പരിശോധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകളുണ്ട്. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യപേക്ഷകള്‍ തള്ളിക്കൊണ്ട് വൈദികര്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് കോടതി നടത്തിയത്. ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ട മൃഗങ്ങളെപ്പോലെയാണ് പെരുമാറിയതെന്നും വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത് അവര്‍ യുവതിയെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നില്‍ യുവതി നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റും മറ്റുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.
വൈദികര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ വാദം കണക്കിലെടുത്ത കോടതി, പോലിസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വൈദികര്‍ക്ക് ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിക്കൊണ്ട് മുന്‍കൂര്‍ ജാമ്യഹരജി തള്ളുകയായിരുന്നു. കീഴടങ്ങാന്‍ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാല്‍ അന്നുതന്നെ ജാമ്യഹരജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളും കോടതി തള്ളി.

വൈദികര്‍ക്ക് ബന്ധപ്പെട്ട കോടതിയില്‍ കീഴടങ്ങാം. അവരുടെ ജാമ്യഹരജി കോടതി മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെയായിരുന്നെന്നും അവരുടെ മൊഴിപ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് വൈദികര്‍ വാദിച്ചത്. ഇതോടെ വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് പോലിസ് നല്‍കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്. കേസില്‍ പ്രതിയായ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി മാത്യുവും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്. അതേസമയം, വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.

Latest