സിപിഎം രാമായണ മാസം ആചരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: കോടിയേരി

Posted on: July 11, 2018 5:48 pm | Last updated: July 11, 2018 at 7:57 pm
SHARE

തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍ എസ് എസ് വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനായി സംസ്‌കൃത പണ്ഡിതരും അധ്യാപകരുമൊക്കെ ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്.

ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. മറിച്ച് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചാരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ് മനസ്സിലാക്കുന്നത്. അത് കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ, ആ സംഘടനയുടെ പരിപാടിയെ സിപിഎമ്മിനെതിരെയുള്ള ഒരു പ്രചാരണമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here