Connect with us

Sports

ഫ്രാന്‍സിന്റെ എതിരാളികള്‍ ആരാകും?; തീ പാറും പോരിന് ഇംഗ്ലണ്ടും ക്രൊയേഷ്യയും

Published

|

Last Updated

മോസ്‌കോ: ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പിന്റെ അന്തിമ നാലില്‍ ഇടം നേടിയ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ടാം സെമിഫൈനല്‍ ആവേശോജ്ജ്വലമാകും. 1998ല്‍ ഫ്രാന്‍സിലാണ് ക്രൊയേഷ്യ അവസാനമായി സെമിഫൈനല്‍ കളിച്ചത്. 20 വര്‍ഷത്തിന് ശേഷം വര്‍ധിത പ്രതീക്ഷയോടെ വീണ്ടുമെത്തന്നു. ഇംഗ്ലണ്ടിനാകട്ടെ 28 വര്‍ഷത്തെ കാത്തിരിപ്പാണ് ഫൈനലിന് മുമ്പുള്ള ഫൈനലില്‍ ഏറ്റുമുട്ടാന്‍. 1990ലെ ഇറ്റലി ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇംഗ്ലണ്ട് ഒടുവില്‍ കളിച്ചത്.

സെമിഫൈനല്‍ ഉറപ്പിക്കാന്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ മത്സരം കൊണ്ടെത്തിക്കേണ്ടിവന്നു എന്ന പോരായ്മയോ മേന്മയോ അവകാശപ്പെടാവുന്ന ടീമുകളാണ് ഇരുവരും. പക്ഷേ, ഇരുവരും ആദ്യമായാണ് ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുന്നതെന്നത് ചരിത്രമായി മാറും. 1998ല്‍ ആതിഥേയരായ ഫ്രാന്‍സിനോട് പരാജയപ്പെട്ട് ക്രൊയേഷ്യ ഫൈനല്‍ കാണാതെ മടങ്ങിയപ്പോള്‍ അരനൂറ്റാണ്ട് മുമ്പ് 1966ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് നേടിയ ഒറ്റച്ചരിത്രം മാത്രം സ്വന്തമായുണ്ട് ഇംഗ്ലണ്ടിന്. ക്രൊയേഷ്യ ഇതുവരെ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചിട്ടില്ല.
ഒരു കാര്യത്തില്‍ ഇരു ടീമുകളുടെയും പരിശീലകര്‍ സത്യസന്ധരാണ്. റഷ്യയിലേക്ക് പുറപ്പെടുമ്പോള്‍ ക്രൊയേഷ്യയുടെ സ്ലാറ്റ്‌കോ ഡാലിച്ചോ ഇംഗ്ലണ്ടിന്റെ ഗാരെത് സൗത്ത്‌ഗേറ്റോ തങ്ങളുടെ ടീം സെമിയില്‍ എത്തുമെന്ന പ്രതീക്ഷ പോലും പങ്കുവെച്ചിരുന്നില്ല. പക്ഷേ, കഴിഞ്ഞ കളികളിലെല്ലാം കൃത്യതയാര്‍ന്ന പ്രകടനമാണ് ഇരുവരുടെയും കളിക്കാര്‍ മൈതാനങ്ങളില്‍ കാഴ്ചവെച്ചത്.

അതികഠിനമായ 120 മിനുട്ടും കളിച്ച് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അവസാന രണ്ട് കളികളും കടന്ന് ക്രൊയേഷ്യ ഈ ഘട്ടം വരെ എത്തിയത്. നിശ്ചിത സമയവും കഴിഞ്ഞ് 1-1 എന്ന സമനില അവസാനിച്ച ഡെന്മാര്‍ക്കിനെതിരായ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2ന് സ്വന്തമാക്കിയ ക്രൊയേഷ്യ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ റഷ്യയെ പരാജയപ്പെടുത്തിയതും പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ്. 2-2 സമനില കടന്ന് പെനാല്‍ട്ടിയില്‍ 3-4നായിരുന്നു അവരുടെ വിജയം.
കൊളംബിയക്കെതിരായ പെനാല്‍ട്ടി ഷൂട്ടൗട്ട് ജയത്തിലാണ് (4-3) ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിച്ചത്. പ്രധാന ടൂര്‍ണമെന്റുകളില്‍ എട്ട് തവണ ഷൂട്ടൗട്ട് നേരിട്ട ഇംഗ്ലണ്ട് ആറിലും തോറ്റെന്നതാണ് ചരിത്രം. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിഫൈനലില്‍ പ്രവേശിച്ചത്.

Latest