Connect with us

Gulf

ശരീഅ സൗഹൃദചിട്ടി മൂന്ന് മാസത്തിനകം; ധനമന്ത്രി യു എ ഇയിലെത്തും

Published

|

Last Updated

ദുബൈ: ശരീഅ സൗഹൃദ ചിട്ടി മൂന്നു മാസത്തിനകം നടപ്പാക്കുമെന്ന് കേരള ധനകാര്യമന്ത്രി ഡോ. ഐസക് തോമസ് അറിയിച്ചു. ദുബൈയിലെ മാധ്യമ പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ചിട്ടിയുടെ ഭാഗമായിത്തന്നെ പലിശ, ഊഹ രഹിത ചിട്ടിയാണ് നടപ്പാക്കുക. ഇതിലൂടെ സ്വരൂപിക്കുന്ന ധനം സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമേ ഉപയോഗിക്കൂ. ലാഭ വിഹിതം ചിട്ടിക്കാര്‍ക്കു നല്‍കും. ശരീഅ കൗണ്‍സിലിന്റെ സാക്ഷ്യപത്രം ഈ പദ്ധതിക്കുണ്ടാകും. പ്രവാസി ചിട്ടിയില്‍ കേരളത്തിലെ യു എ ഇ കോണ്‍സുല്‍ ജനറല്‍ മതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം യു എ ഇ യില്‍ നടത്തുന്നതിന് അനുമതിക്ക് വേണ്ടിയാണ് വിശദീകരണം നടത്തിയത്. അദ്ദേഹം താല്പര്യപൂര്‍വം കേട്ടു. അനൗപചാരികമായി പറഞ്ഞത് വെളിപ്പെടുത്തുന്നില്ല.

പ്രവാസി ചിട്ടിയെക്കുറിച്ചു സംഘടനാ പ്രതിനിധികളുമായും മറ്റും സംസാരിക്കാന്‍ അടുത്ത മാസം ആദ്യവാരം യു എ ഇ സന്ദര്‍ശിക്കും. ആദ്യവെള്ളിയാഴ്ചയായിരിക്കും സന്ദര്‍ശനം. സെപ്റ്റംബര്‍ ആദ്യ വാരത്തിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ യില്‍ എത്തി ഉദ്ഘാടനം നിര്‍വഹിക്കും. ഇതിനിടയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അടക്കം പ്രയാസങ്ങള്‍ പരിഹരിക്കും
ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം അപേക്ഷ നല്‍കി. ഇവരില്‍ പതിനായിരംപേര്‍ റജിസ്റ്റര്‍ ചെയ്തു. ചിട്ടികള്‍ക്കും മറ്റും നിരോധനമുള്ള യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഓണ്‍ലൈന്‍ ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്.
വിദേശപണ വിനിമയ ചട്ടം (ഫെമ) മറികടന്നാണ് പ്രവാസി ചിട്ടി നടത്തിപ്പ് എന്ന, കെ എം മാണിയുടെ വിമര്‍ശനം ശരിയല്ല. ചിട്ടി നടത്തിപ്പിനുള്ള വിലക്കുകള്‍ നീക്കം ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെങ്കിലും ഫലവത്തായില്ല. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 2015ല്‍ റിസര്‍വ് ബാങ്ക് വിദേശ പണ വിനിമയ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി. പ്രവാസികളായ ഇന്ത്യക്കാരില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാവുന്നതും പ്രവാസികള്‍ക്ക് ബാങ്കിങ് ചാനലുകള്‍ വഴി നോണ്‍ റിപാട്രിയേഷന്‍ വ്യവസ്ഥയില്‍ പ്രവാസ രാജ്യത്തിരുന്നുകൊണ്ടുതന്നെ പണമടക്കാനും സാധിക്കും എന്ന ഭേദഗതിയാണ് വരുത്തിയത്. 2015 ജൂലൈ 29ന് കേരള സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം കെ എസ് എഫ് ഇക്ക് പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ചിട്ടി അടവുകള്‍ സ്വീകരിക്കുന്നതിന് അനുമതി ലഭിച്ചു. ഇത്രയും സംഭവിച്ചത് കെ എം മാണി ധനമന്ത്രിയാരിക്കുമ്പോഴാണെന്നും അതുകൊണ്ട് തന്നെ ഫെമ മറികടന്നാണ് പ്രവാസി ചിട്ടി നടത്തുന്നത് എന്ന ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
പ്രവാസി ചിട്ടി കേന്ദ്ര ചിട്ടി നിയമം 1982ന് അനുസൃതമല്ല എന്നതാണ് മറ്റൊരു ആരോപണം. കെഎസ്എഫ്ഇ, കേരളാ നിവാസികള്‍ക്ക് വേണ്ടി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി എങ്ങനെയാണോ ചിട്ടി നടത്തിപ്പോന്നത് അതുപോലെ തന്നെയാണ് പ്രവാസി ചിട്ടികളും. അതായത്, 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി നിയമാവലിയും അനുസരിച്ച് മാത്രം. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓണ്‍ലൈന്‍ ചെയ്യുന്നു എന്നതും മറ്റു ആനുകൂല്യങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട് എന്നതുമാണ്. ഓണ്‍ലൈന്‍ വഴി ചിട്ടി നടത്താനുള്ള അനുമതി ഈ വര്‍ഷം കെഎസ്എഫ്ഇക്ക് ലഭിക്കുകയുണ്ടായി. ഫോര്‍മാന്‍ നല്‍കുന്ന സെക്യൂരിറ്റി കിഫ് ബിയില്‍ നിക്ഷേപിക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നാണ് മൂന്നാമത്തെ ആരോപണം. ചിട്ടി നിയമപ്രകാരം അംഗീകൃത സെക്യുരിറ്റികളില്‍ ചിട്ടിപ്പണം നിക്ഷേപിക്കാന്‍ വ്യവസ്ഥയുണ്ട്. കേരളത്തിലുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ബ്രാന്‍ഡഡ് ചിട്ടികളില്‍ സമ്മാനങ്ങളും ആനുകൂല്യങ്ങളും നല്‍കി വരുന്നു. കെ.എം.മാണിയുടെ കാലത്ത് സ്വര്‍ണ വര്‍ഷ, സുവര്‍ണ ശ്രേയസ് എന്നീ ചിട്ടികള്‍ അവതരിപ്പിക്കുകയുണ്ടായി. ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതി പ്രവാസി ചിട്ടികളിലും അവലംബിച്ചു എന്നു മാത്രം. പ്രവാസി ചിട്ടിയിലെ ഇന്‍ഷുറന്‍സ് അപകട പരിരക്ഷയും പെന്‍ഷന്‍ പദ്ധതിയും ആകര്‍ഷകമാണ്. ഈ ആനുകൂല്യങ്ങള്‍ നിയമസഭയില്‍ സമര്‍പ്പിച്ച ചട്ട ഭേദഗതിയില്‍ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ശരിയാണ്. ഇവ പിന്നീടാണ് ആവിഷ്‌കരിക്കപ്പെട്ടതെന്നും തോമസ് ഐസക് പറഞ്ഞു. അതുകൊണ്ടുതന്നെ അത് അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമര്‍പ്പിക്കുമെന്നും കെഎസ്എഫ്ഇ സ്വയം ഒരു ബാങ്കായി അവകാശപ്പെടുന്ന മൗഢ്യം ഞങ്ങള്‍ക്കില്ലെന്നും വ്യക്തമാക്കി.

കിഫ്ബി നിയമം കേരളാ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയതാണ്. അതിലെ നിര്‍മാണ പ്രവൃത്തികള്‍ അനുവദിച്ചത് സംബന്ധിച്ച് ഒരു ആക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ കിഫ്ബി പിന്തുണയോടെ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. വിഭവ സമാഹാരണത്തിന് തയാറായി കൊണ്ടിരിക്കുകയുമാണ്. 50,000 കോടി രൂപയാണ് വേണ്ടത്. പ്രവാസിചിട്ടി വഴി 10,000 കോടി സ്വരൂപിക്കാനാകും. ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യത്തിന് വിരുദ്ധമാണ്. എന്ത് വിമര്‍ശനങ്ങളുണ്ടെങ്കിലും തുറന്ന മനസോടെ പരിശോധിക്കുന്നതിനും തിരുത്താനും സര്‍ക്കാര്‍ സന്നദ്ധമാണ്.
പ്രവാസി ചിട്ടിയില്‍ ചേരാനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് നേരിടുന്ന പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികള്‍ നാട്ടിലേയ്ക്ക് വരുമ്പോള്‍ നേരിട്ട് ചെന്ന് റജിസ്‌ട്രേഷന്‍ നടത്തുന്നത് ഉത്തമമായിരിക്കും. കൂടാതെ, ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും പണം ട്രാന്‍സ്ഫര്‍ ചെയ്യാം.
ഗള്‍ഫിലെ പല രാജ്യങ്ങളിലും നിയമങ്ങളില്‍ വ്യത്യാസവുമുണ്ട്. ഇതിനിടെ, ഓണ്‍ലൈന്‍ വഴി ഇടപാടു നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു സഹായകരമായി മണി എക്‌സ്‌ചേഞ്ചുകളിലൂടെ പണം അയ്ക്കാന്‍ സൗകര്യമൊരുക്കും. 2500 രൂപ മുതല്‍ 40,000 രൂപ വരെ മാസ അടവ് വരുന്ന ചിട്ടികളാണ് ആരംഭിക്കുന്നത്. 30 മാസം, 40 മാസം, 50 മാസം എന്നിങ്ങനെ വട്ടമെത്തുന്നരീതിയിലാണ് തുടക്കത്തില്‍ പ്രവാസി ചിട്ടികള്‍. ഒരാള്‍ക്ക് ഒന്നിലേറെ ചിട്ടിയില്‍ ചേരാം. പ്രവാസി ചിട്ടിയിലേക്ക് മണി എക്‌സ്‌ചേഞ്ചുകള്‍ വഴി പണം അയയ്ക്കാനുള്ള സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്. 1000 ദിര്‍ഹംവരെ നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ വാറ്റ് ഉള്‍പ്പെടെ ശരാശരി 16 ദിര്‍ഹമാണ് എക്‌സ്‌ചേഞ്ചുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ആയിരത്തിനു മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹവും നല്‍കണം. എന്നാല്‍ പ്രവാസി ചിട്ടിയിലേക്കു പണം അയയ്ക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് അഞ്ച് ദിര്‍ഹത്തില്‍ താഴെയാക്കാനാണു ശ്രമം.
സ്മാര്‍ട് ഫോണ്‍, ടാബ്‌ലറ്റ് തുടങ്ങിയവയിലൂടെ ഓണ്‍ലൈന്‍വഴി ചിട്ടിത്തവണ അയക്കാമെങ്കിലും ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു സഹായം നല്‍കാനും മണിഎക്‌സ്‌ചേഞ്ചുകളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രമുഖ മണി എക്‌സ്‌ചേഞ്ചുകളെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എസ് എഫ് ഇയുടെ തന്നെ മറ്റ് ചിട്ടികള്‍ക്കില്ലാത്ത എല്‍ ഐസിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകട ഇന്‍ഷുറന്‍സും പ്രവാസി ചിട്ടിക്കുണ്ട്. അപകടംമൂലം ജോലിക്കു പോകാനാവാതെ വന്നാല്‍ ബാക്കി ഗഡുക്കള്‍ ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കും. ചിട്ടിയില്‍ അംഗമായയാള്‍ മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കും. ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യും.
ചിട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന ചുമതല കെ എസ് എഫ് ഇ ഏറ്റെടുക്കും. എല്‍ ഐ സിയുമായി ചേര്‍ന്ന് പെന്‍ഷന്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രവാസികള്‍ മുക്ത്യാര്‍വഴി ചുമതലപ്പെടുത്തിയാല്‍ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവര്‍ക്കും കുറിയില്‍ ചേരാം.

അവര്‍ക്ക് ലേലം വിളിക്കാനും തടസ്സമുണ്ടാകില്ല. പ്രവാസി ചിട്ടിപ്പണം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതു പൂര്‍ണമായും നിയമവിധേയമായാണെന്നും സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചാണെന്നും കെ എം മാണി പറഞ്ഞതില്‍ കഴമ്പില്ല. രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ നടത്തിയാണ് നിയമം തയ്യാറാക്കിയത്. 2015ല്‍ തന്നെ ചിട്ടി നടത്തിപ്പിനുള്ള അവകാശം കെ എസ് എഫ് ഇക്കു ലഭിച്ചിരുന്നു. തുടര്‍ന്നു വിവിധ വിജ്ഞാപനങ്ങളിലൂടെ കിഫ്ബിയില്‍ പണം നിക്ഷേപിക്കാനുള്ള അംഗീകാരവും കെഎസ് എഫ്ഇക്കു ലഭിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കെ എസ് എഫ് ഇ ഡയറക്ടര്‍ ഡോ. പി വി ഉണ്ണികൃഷ്ണനും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest