Connect with us

Gulf

വാണിജ്യ രംഗത്ത് പുതിയ അധ്യായം രചിക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

Published

|

Last Updated

ദുബൈ: ബേങ്ക് വായ്പാ ബാധ്യതയെത്തുടര്‍ന്നു പ്രയാസത്തിലായ അറ്റ്‌ലസ് രാമചന്ദ്രന്‍, വാണിജ്യ രംഗത്ത് പുതിയ അധ്യായത്തിലേക്ക്. അവസാന ബാധ്യതകള്‍ തീര്‍ക്കാനുള്ള ചര്‍ച്ച കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്നു. ബാധ്യതകള്‍ തീര്‍ക്കാന്‍ ബേങ്കുകള്‍ ഒരു മാസത്തെ സമയം അനുവദിച്ചു. മാത്രമല്ല, ദുബൈയില്‍ പുതിയ ജുവല്ലറി തുടങ്ങാന്‍ നിക്ഷേപ താല്പര്യവുമായി നിരവധി ആളുകള്‍ രാമചന്ദ്രനെ സമീപിക്കുന്നുമുണ്ട്. മൂന്നുമാസത്തിനകം ആദ്യ ജുവല്ലറി തുറക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ സിറാജിനോട് പറഞ്ഞു.

നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിട്ടില്ല. അറ്റ്‌ലസിനു ഇപ്പോഴും വലിയ ബ്രാന്‍ഡ് മൂല്യം ഉണ്ട്. 1988 മാര്‍ച്ച് 30 നു ദുബൈയില്‍ ആദ്യം ഒരു ജുവല്ലറി തുടങ്ങി. അത് ലോകത്തിന്റെ പല ഭാഗത്തായി 48 ജൂവല്ലറികളായി. മുംബൈ എക്‌സ്‌ചേഞ്ചില്‍ അറ്റ്‌ലസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്തിരുന്നു. അതില്‍ അഞ്ചു കോടി ഓഹരിയുണ്ട്. ഒരു ഓഹരിക്കു 154.7 രൂപയാണ് ഇപ്പോഴത്തെ വില. ദുബൈയില്‍ ജുവല്ലറി തുടങ്ങാന്‍ 200 കിലോ സ്വര്‍ണം മതിയാകും. 30 ദശലക്ഷം ദിര്‍ഹം ആണ് നിക്ഷേപം നടത്തേണ്ടത്. അത് സാധ്യമാകുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം ഡി ഐ എഫ് സി യില്‍ വെച്ച് ഐ സി ഐ സി ഐ ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. ഐ സി ഐ സി ഐ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക റീജണല്‍ മേധാവി വികാസ് ശര്‍മ്മ പങ്കെടുത്തു. അന്തിമ ധാരണക്ക് വേണ്ടിയാണ് ചര്‍ച്ച നടന്നത്. എല്ലാം ശുഭകരമായ അന്ത്യത്തിലേക്ക് കടക്കുകയാണെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.