Connect with us

National

സ്വവര്‍ഗരതി: സുപ്രീം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീം കോടതി ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ .ഹരജികളില്‍ വാദം തുടരവെ വിഷയത്തില്‍ സുപ്രീം കോടതിക്ക് തീരുമാനമെടുക്കാമെന്ന് അറ്റോണി ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗരതി നിയമപരമാക്കുമെന്ന തരത്തിലുള്ള പരാമര്‍ശം കോടതിയില്‍നിന്നുണ്ടായി.

കോടതിയില്‍ സ്വവര്‍ഗരതിക്കെതിരായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിഷയത്തില്‍ രണ്ടാം ദിവസമായ ഇന്നും വാദം തുടരവെ വ്യക്തമായ ഒരു നിലപാട് കേന്ദ്രം കോടതിയില്‍ കൈക്കൊണ്ടില്ല. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗരതി നിലവില്‍ ക്രിമിനല്‍ കുറ്റമാണ്. ഇതിനെതിരായ ഹരജികളിലാണ് സുപ്രീം കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. ഒന്നിച്ച് ജീവിക്കല്‍, വിവാഹ മോചനം എന്നീ കാര്യങ്ങളും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് നിരാകരിച്ചു. സ്വവര്‍ഗരതി കുറ്റമായി കാണുന്ന ഐപിസി 377-ാം വകുപ്പിന്റെ നിയമസാധുത മാത്രമാണ് ഇപ്പോള്‍ പരമോന്നത കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്.