Connect with us

Articles

തീവ്രവാദ വൈറസിന്റെ ഉറവിടം നശിപ്പിക്കേണ്ടേ?

Published

|

Last Updated

നിപ്പാ വൈറസിന്റെ പ്രഭവകേന്ദ്രം തേടിയുള്ള അന്വേഷണത്തിന് താത്കാലിക വിരാമമായത് കഴിഞ്ഞ ദിവസമാണ്. രാജ്യത്തിന്റെ തന്നെ ഉറക്കം കെടുത്തിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് പഴംതീനി വവ്വാലുകളില്‍ നിന്നാണത്രെ. ഇതു തന്നെ പ്രാഥമിക കണ്ടെത്തല്‍ മാത്രമാണ്, സ്ഥിരീകരണത്തിന് ഇനിയും ഗവേഷണങ്ങളും പഠനങ്ങളും നടക്കേണ്ടതുണ്ട്.

എന്തിനാണ് ഇത്ര സാഹസപ്പെട്ട് നിപ്പാ വൈറസിന്റെ ഉറവിടം അന്വേഷിച്ചു പോകുന്നത്? ഉത്തരം വ്യക്തം, ഉറവിടം കണ്ടെത്തിയിട്ടു വേണം മഹാമാരിയെ വേരോടെ പിഴുതുകളയാനുള്ള അടിസ്ഥാന നിവാരണ നടപടികള്‍ സ്വീകരിക്കാന്‍. രോഗഹേതുവായ വൈറസുകളെ അതിന്റെ ഉറവിടത്തില്‍ വെച്ചു തന്നെ നശിപ്പിച്ചു കളയുകയാണ് ശാസ്ത്രീയവും സുരക്ഷിതവുമായ നിവാരണ മാര്‍ഗം. ചികിത്സയെക്കാള്‍ പ്രധാനമാണല്ലോ പ്രതിരോധം.
നിപ്പാ വൈറസിന്റെ ആക്രമണത്തിനു ശേഷം കേരളത്തെ പിടിച്ചുലച്ച മറ്റൊരു വലിയ വിപത്താണ് കഴിഞ്ഞയാഴ്ച എറണാകുളം മഹാരാജാസ് കോളജ് അങ്കണത്തില്‍ നടന്ന പൈശാചിക കൊലപാതകം. ക്യാമ്പസ് രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് പുതിയ അനുഭവമൊന്നുമല്ല. പക്ഷേ, അഭിമന്യുവിന്റെ കൊല ഒരു മതതീവ്രവാദ സംഘടന ബോധപൂര്‍വം പദ്ധതി തയാറാക്കി നടപ്പാക്കിയതാണ്. അക്കാരണത്താല്‍ ഈ അറുകൊല അതീവ ഗൗരവതരവുമാണ്. മഹാരാജാസ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ തീവ്രവാദ സംഘടനക്കെതിരെ ഭരണകൂടം സംസ്ഥാന വ്യാപകമായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിപ്പാ വൈറസ് പോലെ അപകടകാരിയാണു മതതീവ്രവാദവും. ഏതൊക്കെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണോ നിപ്പാ വൈറസിനെ നാം നേരിട്ടത് അതേ സങ്കേതങ്ങള്‍ ഉപയോഗിച്ചു മത തീവ്രവാദം എന്ന കൊടിയ വിപത്തിനെയും നാം നേരിടണം. ചികിത്സയെക്കാള്‍ പ്രധാനമാണ് പ്രതിരോധം എന്നത് ആരോഗ്യ രംഗത്തു മാത്രമല്ല സാമൂഹിക ശാസ്ത്രത്തിലും അംഗീകൃതമായ ആശയമാണ്. മരണം ഉറപ്പാക്കുന്ന ചികിത്സ ഫലപ്രദമല്ലാത്ത അത്യന്തം ആപത്കരമായ വൈറസിനേക്കാള്‍ മാരകമാണ് മതതീവ്രവാദം. മഹാരാജാസ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹവും ഭരണകൂടവും പ്രാഥമികമായി അന്വേഷിക്കേണ്ടത് ഇസ്‌ലാമിന്റെ പേരില്‍ കേരളത്തില്‍ വേര് പടര്‍ത്തിക്കൊണ്ടിരിക്കുന്ന മത തീവ്രവാദത്തിന്റെ ആശയ സ്രോതസ്സുകളെക്കുറിച്ചാണ്. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടി ശിക്ഷിച്ചാല്‍ അത് ഒരു രോഗിയെ ചികിത്സിച്ച ഫലമേ ഉണ്ടാക്കുകയുള്ളൂ. സമൂഹത്തില്‍ മതതീവ്രവാദ വൈറസ് പേറുന്നവര്‍ അവശേഷിക്കും, വൈറസിന്റെ ഉത്ഭവകേന്ദ്രം സുരക്ഷിതമായും സജീവമായും നിലനില്‍ക്കുകയും ചെയ്യും. ഫലം വരും കാലത്ത് കൂടുതല്‍ അഭിമന്യുമാര്‍ ഇരകളാകും, രാജ്യത്തെ തന്നെ അത് അസ്ഥിരപ്പെടുത്തും.

ഇസ്‌ലാമില്‍ മതതീവ്രവാദമില്ല, അതിന്റെ ഉത്പന്നമായ മതഭീകരതയുമില്ല. അപ്പോള്‍ ആഗോളതലത്തില്‍ ഭീമാകാരം പ്രാപിച്ചുനില്‍കുന്ന “ഇസ്‌ലാമിക തീവ്രവാദം” എന്ന മാരക “വൈറസ്” ഉത്ഭവിച്ചത് എവിടെ നിന്നാണ്? ഒരു ഗവേഷണത്തിന്റെയും ആവശ്യമില്ലാതെ, വളച്ചുകെട്ടൊന്നുമില്ലാതെ അത് ചരിത്രം പറഞ്ഞു തരുന്നുണ്ട് സലഫിസം! സലഫിസത്തില്‍ നിന്നാണ് മുസ്‌ലിംകള്‍ക്കിടയില്‍ മതതീവ്രവാദം ഉത്ഭവിച്ചത്. ഹിജാസില്‍ ഇബ്‌നു അബ്ദില്‍ വഹാബിന്റെ അക്രമോത്സുക തൗഹീദ് പൊട്ടിപ്പുറപ്പെട്ടതും അതു മുസ്‌ലിം ലോകത്തെ ചുടലപ്പറമ്പാക്കിയതും മുഖ്യധാരാ ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ്. സലഫിസം നടപ്പില്‍ വരുത്താന്‍ നടത്തിയ കൂട്ടക്കുരുതികളുടെയും കൊള്ളകളുടെയും കഥകള്‍ നല്ലൊരു ഭാഗം ലോകത്തോടു വിളിച്ചു പറഞ്ഞത് സലഫി ചരിത്രകാരന്മാര്‍ തന്നെയാണ്. കേരളത്തില്‍ സലഫിസം കൊണ്ടുവന്നവരില്‍ പ്രധാനികളില്‍ ഒരാളായ ഇ കെ മൗലവിയും സലഫി ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയ ഇ മൊയ്തു മൗലവിയും ജസീറതുല്‍ അറബില്‍ നടന്ന കൂട്ടസംഹാരത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ അഭിമാനപൂര്‍വമാണ് എഴുതിയിട്ടുള്ളത്.
പല കാലങ്ങളില്‍ പല വേഷങ്ങളിലാണ് സലഫിസം ആഗോള തലത്തില്‍ രംഗത്തുവന്നത്. റാഡിക്കല്‍ സലഫിസത്തില്‍ നിന്ന് ആശയവും ആവേശവും ഉള്‍കൊണ്ട് ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പ് രൂപവത്കരിച്ചത് അബുല്‍ അഅലാ മൗദൂദിയാണ്. അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയാണ് ബൗദ്ധിക തലത്തില്‍ മുസ്‌ലിംകളില്‍ സ്വാധീനം ചെലുത്തിയ മതതീവ്രവാദ സംഘടന. ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ ഈജിപ്തിലെ ഇഖ്‌വാനിസം തുടങ്ങി പല ചെല്ലപ്പേരുകളിലും മൗദൂദിയുടെ തീവ്രവാദ ആശയങ്ങള്‍ ആഗോളതലത്തില്‍ ഇപ്പോഴും സജീവമാണ്. പുതിയ കാലത്ത് മുസ്‌ലിം ലോകത്ത് അസ്ഥിരതയും അരക്ഷിതത്വവും സമ്മാനിച്ച താലിബാനിസം മുതല്‍ അല്‍ഖാഇദയും ബൊക്കൊ ഹറാമും ഹര്‍കതുല്‍ മുജാഹിദീനും ജയ്‌ഷെ മുഹമ്മദും തുടങ്ങി സലഫിജിഹാദി ഗ്രൂപ്പുകള്‍ നിരവധിയാണ്.

മുജാഹിദുകള്‍, സലഫികള്‍ തുടങ്ങിയ പേരുകളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളെല്ലാം ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളുടെ ഇന്ത്യന്‍ പതിപ്പാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഐ എസിലേക്കു നടക്കുന്ന റിക്രൂട്ടുമെന്റില്‍ കേരള സലഫിസവും അതിന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത് ആഗോള റാഡിക്കല്‍ സലഫിസവും കേരള സലഫിസവും തമ്മിലുള്ള തുരങ്ക സൗഹൃദത്തിന് മികച്ച തെളിവാണ്.
സലഫിസത്തിന്റെ പ്രഛന്നവേഷങ്ങള്‍ക്ക് അതിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മത പരിഷ്‌കരണം, മനുഷ്യാവകാശ സംരക്ഷണം, വിദ്യാഭ്യാസം, നവോത്ഥാനം തുടങ്ങി ആകര്‍ഷകമായ ബാനറുകള്‍ ഉയര്‍ത്തിയാണു സലഫിസം വരവറിയിക്കുക. അസഹിഷ്ണുതയുടെ ഏറ്റവും ഭീകരമായ പാഠങ്ങളാകും പിന്നെ അണികള്‍ക്കു പകര്‍ന്നു നല്‍കുന്നത്. തങ്ങളല്ലാത്തവരെല്ലാം പിഴച്ചവരും കൊല്ലപ്പെടേണ്ടവരുമാണെന്ന ഉന്മൂലനസിദ്ധാന്തത്തിലേക്കാണ് ഒടുവില്‍ അണികളെ എത്തിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തത്വശാസ്ത്രത്തില്‍ ആകൃഷ്ടരാകുന്ന അണികള്‍ നേതൃത്വത്തെയും മറികടന്ന് ഭീകരസംഘങ്ങളായി മാറുകയാണു ചെയ്യുന്നത്. ഇറാഖിലും സിറിയയിലും അഫ്ഗാനിലും മറ്റും ഇത്തരം ചെറുതും വലുതുമായ നിരവധി ഭീകര ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതപരിഷ്‌കരണ ദൗത്യവുമായി സലഫിസം കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പില്‍ക്കാലത്ത് ജിഹാദി ഭീഷണി ഉയര്‍ത്തിയതു ചരിത്രം. പല പേരുകളില്‍ മാറി മാറി പ്രവര്‍ത്തിച്ചു സ്വന്തം ഐഡന്റിറ്റി മറച്ചു പിടിക്കുന്നതും സാധാരണം. എന്‍ ഡി എഫില്‍ തുടങ്ങി പല പേരില്‍ വേഷം മാറിയ മത തീവ്രവാദ ഗ്രൂപ്പ് കേരള സലഫിസത്തിന്റെ ഏറ്റവും പരിഷ്‌കൃതമായ പതിപ്പാണ്.
തള്ളിപ്പറച്ചില്‍ സലഫിസത്തിന്റെ പാരമ്പര്യ തന്ത്രങ്ങളുടെ ഭാഗമാണ്. തങ്ങള്‍ നജ്ദിയന്‍ തൗഹീദിന്റെ ഭാഗമല്ലെന്നും ആഗോളതലത്തില്‍ ഒരു പ്രസ്ഥാനവുമായും തങ്ങള്‍ക്കു ബന്ധമില്ലെന്നുമാണ് കേരള സലഫികളിലെ ഒരു വിഭാഗം ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി പോലും ഒരു ബന്ധവുമില്ല, മൗദൂദിയെ കോട്ടക്കല്‍ ചന്തയില്‍ കണ്ട പരിചയവുമില്ല! പോപ്പുലര്‍ ഫ്രണ്ടിന് കാമ്പസ് ഫ്രണ്ടിനെ അറിഞ്ഞുകൂടാ, വുമന്‍സ് ഫ്രണ്ടിനെക്കുറിച്ചു ചോദിച്ചു നോക്കൂ; അതു ചുക്കാണോ ചുണ്ണാമ്പാണോ എന്നു തിരിച്ചു ചോദിക്കും! ഈ കാപട്യങ്ങളെല്ലാം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രവാദ അജന്‍ഡകള്‍ മറച്ചുവെക്കാനുള്ള പൊളിഞ്ഞ തന്ത്രങ്ങള്‍ മാത്രമാണ്.
ആശയതലത്തിലല്ല, നിലപാടുകളുടെ കാര്യത്തിലാണ് കേരളത്തിലെ സലഫികള്‍ പലതായി ഭിന്നിച്ചു തര്‍ക്കിക്കുന്നത്. തങ്ങളല്ലാത്തവരെല്ലാം പിഴച്ചവരും കൊല്ലപ്പെടേണ്ടവരുമാണെന്ന കാഴ്ചപ്പാടില്‍ എല്ലാ ഗ്രൂപ്പുകളും ഇപ്പോഴും ഒറ്റക്കെട്ടാണ്. അതു കൊണ്ടാണ് യമനിലെ ദമ്മാജിലേക്കും സിറിയയിലേയും ഇറാഖിലേയും രണഭൂമികളിലേക്കും ഗ്രൂപ്പ് ഭേദമില്ലാതെ കേരളത്തില്‍ നിന്നു സലഫി അണികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത്. അന്യമതാനുയായികളോടു ചിരിക്കുന്നതു വിലക്കിയവര്‍ അവരിലൊരാളുടെ ജീവനെടുത്തതിലൂടെ നല്‍കുന്ന സന്ദേശം, ഇസ്‌ലാമിന്റെ അതിര്‍ത്തികള്‍ക്കപ്പുറവും തങ്ങള്‍ക്ക് അജന്‍ഡകള്‍ ഉണ്ട് എന്നാണ്.

കേരളത്തില്‍ സലഫിസം വളര്‍ത്തിയതില്‍ മുന്തിയ പങ്കുവഹിച്ചത് മുസ്‌ലിം ലീഗാണ്. മഹാരാജാസ് കാമ്പസില്‍ എത്തി നില്‍ക്കുന്ന ഭീകരതക്കു പിതൃതുല്യമായ പരിചരണം നല്‍കിയതും ലീഗാണ്. ഉന്നത നേതൃത്വത്തിലടക്കം ഉറ്റ സലഫിബന്ധമുള്ള നേതാക്കളുണ്ട് ലീഗിന്. നവോത്ഥാനം, മതപരിഷ്‌കരണം തുടങ്ങിയ കെട്ടുവേഷങ്ങള്‍ കണ്ടു ഭ്രമിച്ചു സലഫിസത്തെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ മുഖ്യധാരാ പത്രങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഒരു വശത്ത് ഐ എസ് റിക്രൂട്ട്‌മെന്റ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേരള സലഫിസത്തിന്റെ വാര്‍ത്തകള്‍ക്ക് മുന്തിയ ഇടം നല്‍കി വരുന്ന കുത്തക പത്രങ്ങളും “മുസ്‌ലിം ഭീകരത”യെ പാലൂട്ടിയതിന് മറുപടി പറയേണ്ടതായി വരും. സലഫിസം എന്ന ആഗോള വിപത്തിനെ പ്രമോട്ട് ചെയ്ത കുറ്റത്തിന് പ്രതിക്കൂട്ടില്‍ കയറേണ്ടതായി വന്നാല്‍ പുറത്തു നില്‍ക്കാന്‍ സുന്നി മുസ്‌ലിംകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
(ഒ എം തരുവണ- 9400 501168)

---- facebook comment plugin here -----

Latest