കെ എസ് ആര്‍ ടി സി പുനരുദ്ധാരണം

Posted on: July 11, 2018 9:38 am | Last updated: July 11, 2018 at 9:38 am
SHARE

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടങ്കോലിടരുതെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് കത്തയച്ചിരിക്കുകയാണ് എം ഡി ടോമിന്‍ ജെ തച്ചങ്കരി. പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് എം ഡിയുടെ അഭ്യര്‍ഥന. യൂനിയനുകള്‍ മാനേജ്‌മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കില്ലെന്നും മുന്‍ മാനേജ്‌മെന്റുകള്‍ അതിന് വഴങ്ങിക്കൊടുത്തതാണ് ദുരവസ്ഥക്ക് കാരണമെന്നും ഓര്‍മപ്പെടുത്തിയ തച്ചങ്കരി സങ്കുചിത താത്പര്യങ്ങളും അമിത സ്വാതന്ത്ര്യവും ത്യജിച്ച് സ്ഥാപനത്തെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് ആവശ്യപ്പെുന്നു.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ശമ്പളവും പെന്‍ഷനും നല്‍കാന്‍ സാധിക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കയുമാണ് കെ എസ് ആര്‍ ടി സി. സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കോര്‍പറേഷനെ നന്നാക്കിയെടുക്കാന്‍ മുമ്പും പലരും ശ്രമിച്ചിട്ടുണ്ട്. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യൂനിയന്‍ നേതാക്കളും മറ്റുമാണ് എക്കാലത്തും ഇതിന് തടസ്സം നിന്നത്. ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതെ സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരുപറഞ്ഞ് തിരക്കുള്ള സമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കലക്ഷനെ ബാധിക്കുന്ന വിധത്തില്‍ കോണ്‍വേ ആയി സര്‍വീസ് നടത്തുക, അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, സ്വകാര്യ ബസുകളുമായി ഒത്തുകളിച്ചു സമയം തെറ്റിച്ചോടുക ഇതൊക്കെയാണ് പതിവ്. ഇത്തരക്കാരെ മര്യാദ പഠിപ്പിക്കുകയും ജോലി ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്താല്‍ സ്ഥാപനം ലാഭത്തിലോടും. ഏതെങ്കിലുമൊരു മേലുദ്യോഗസ്ഥന്‍ അതിന് ശ്രമിച്ചാല്‍ തൊഴിലാളി വിരുദ്ധനെന്ന് ആരോപിച്ചു സംഘടനാ നേതാക്കള്‍ കൊടിപിടിക്കുകയും ചെയ്യും.

ഇതെല്ലാമറിഞ്ഞു കൊണ്ടു തന്നെയാണ് നാല് മാസം മുമ്പ് എം ഡിയായി ചുമതലയേറ്റെടുത്ത അദ്ദേഹം ഒരു കൈനോക്കാന്‍ മുതിര്‍ന്നത്. ചിലയിടങ്ങളില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി വെറുതേ ഇരിക്കയായിരുന്നു ചില ഡിപ്പോകളില്‍ ഡ്രൈവര്‍മാര്‍. അവരുടെ പുനര്‍വിന്യാസമായിരുന്നു തച്ചങ്കരിയുടെ ആദ്യ നടപടി. സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളോട് ജോലി ചെയ്യണമെന്ന കര്‍ശന നിര്‍ദേശം, യൂനിയന്‍ നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിക്കല്‍, യൂനിയന്‍ ഓഫീസുകളിലും ഡിപ്പോകളിലും പ്രകടനങ്ങള്‍ക്കും, യോഗങ്ങള്‍ ചേരുന്നതിനും നിയന്ത്രണം, ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥാപനത്തിന്റെ ചെലവിലുള്ള ഫോണ്‍ വിളിക്ക് നിയന്ത്രണം, യൂണിയനുകളുടെ മാസവരി ജീവനക്കാരില്‍ നിന്ന് പിരിച്ച് നല്‍കുന്നത് അവസാനിപ്പിക്കല്‍ തുടങ്ങിയവയാണ് അദ്ദേഹം നടപ്പില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍. ഇതുവഴി കോര്‍പറേഷന്റെ പ്രതിദിന വരുമാനത്തില്‍ വര്‍ധനയുണ്ടായി. മുടങ്ങാതെ ശമ്പളവും പെന്‍ഷനും ലഭിച്ചു തുടങ്ങി. ഫ്‌ളൈ ബസും ഇ ബസും ആരംഭിച്ചു. സ്ഥാപനം പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരക്കെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

എന്നാല്‍, ഏതുവിധേനയും തച്ചങ്കരിയെ പുറത്തു ചാടിച്ചു ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന കീഴ്‌വഴക്കം നിലനിര്‍ത്തുമെന്ന തീരുമാനത്തിലാണ് ചില തൊഴിലാളി യൂനിയന്‍ നേതാക്കള്‍. ഇക്കാര്യത്തില്‍ ഇടതു, വലതു വ്യത്യാസമില്ല. നേരത്തെഇവര്‍ മുഖ്യമന്ത്രിയെക്കണ്ട് തച്ചങ്കരിയുടെ ചില നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാപനത്തെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. തുടര്‍ന്ന് എം എല്‍ എമാരുള്‍പ്പെടെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെ കൂട്ടുപിടിച്ചാണ് യൂനിയനുകളുടെ കരുനീക്കം. ഈ സാഹചര്യത്തിലാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം ആവശ്യപ്പെട്ട് എം ഡി ജീവനക്കാര്‍ക്ക് കത്തയച്ചത്.
സ്ഥാപനം മെച്ചപ്പെടേണ്ടത് ജീവനക്കാരുടെ കൂടി ആവശ്യമാണ്. നഷ്ടത്തില്‍ തുടരുന്നത് കൊണ്ട് തച്ചങ്കരിക്ക് ഒന്നും വരാനില്ല. നഷ്ടത്തിലായാലും അദ്ദേഹത്തിനുള്ള ശമ്പളം കൃത്യമായി ലഭിക്കും.

അതേസമയം, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയെന്നിരിക്കും. മാസങ്ങളോളം പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചിലര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. സ്ഥാപനത്തെ സംരക്ഷിക്കാനും സേവന സന്നദ്ധമായി സജീവമാക്കാനുമുള്ള എം ഡിയുടെ ശ്രമങ്ങളോട് സഹകരിക്കുകയാണ് ഇതൊഴിവാക്കാനുള്ള മാര്‍ഗം. സങ്കുചിത താത്പര്യങ്ങള്‍ക്കായി അണികളെ ബലിയാടാക്കുകയാണ് ചില സംഘടനാ നേതാക്കള്‍. അവരാണ് യഥാര്‍ഥത്തില്‍ സ്ഥാപനത്തിന്റെ ശത്രുക്കള്‍. ഒരു പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ പൊതുസമൂഹം ഏറെ ആശ്രയിക്കുന്ന സ്ഥാപനമാണ് കെ എസ് ആര്‍ ടി സി. അത് നിലനില്‍ക്കേണ്ടത് ജീവനക്കാരുടെ മാത്രമല്ല ജനങ്ങളുടെ കൂടി ആവശ്യമാണ്. സംഘടനാ ബലത്തില്‍ പുനരുദ്ധാരണ നടപടികള്‍ക്ക് അള്ളുവെക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവരണം.

LEAVE A REPLY

Please enter your comment!
Please enter your name here