ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

Posted on: July 11, 2018 6:43 am | Last updated: July 11, 2018 at 10:28 am

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ഒരു വ്യാഴവട്ടത്തിന് ശേഷം ഫ്രാന്‍സ് ഒരിക്കല്‍ കൂടി ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. ആദ്യ സെമിയില്‍ ബെല്‍ജിയന്‍ യുവനിരയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സിന്റെ വിജയം. ബുധനാഴ്ച നടക്കുന്ന ക്രൊയേഷ്യ – ഇംഗ്ലണ്ട ് മത്സരത്തിലെ വിജയികളുമായി ഞായറാഴ്ച ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തിനിറങ്ങും.

കളിയുടെ അമ്പത്തിയൊന്നാം മിനുട്ടില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉമിറ്റിയാണ് ഫ്രാന്‍സിന് വിജയഗോള്‍ സമ്മാനിച്ചത്. ഗ്രീസ്മന്റെ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ചായിരുന്നു ഉമിറ്റിയുടെ പ്രകടനം. ഇരുടീമുകളും കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിരവധി അവസരങ്ങള്‍ പിറന്നു. പക്ഷേ ഗോള്‍ കീപ്പര്‍മാരുടെയും പ്രതിരോധ നിരയുടെയും കരുത്തില്‍ അപ്പൊഴൊന്നും വല കുലുങ്ങിയില്ല.

മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. 1998ല്‍ കിരീടവും നേടി. 2006ല്‍ റണ്ണര്‍ അപ്പായതും ഫ്രാന്‍സ് തന്നെ.