ട്രെയിനുകള്‍ വഴിയെത്തുന്ന മീനുകളില്‍ ഫോര്‍മാലിന്‍: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു

Posted on: July 10, 2018 2:02 pm | Last updated: July 10, 2018 at 3:37 pm
SHARE

കൊല്ലം: സംസ്ഥാനത്ത് ട്രെയിനുകള്‍ വഴി എത്തിക്കുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ സാന്നിധ്യമുണ്ടോയെന്നറിയാന്‍ റെയില്‍വേയുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം, കൊച്ചി ,കൊല്ലം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കൊല്ലത്ത് രാവിലെ ആറര്ക്കാണ് പരിശോധന തുടങ്ങിയത്. മാവേലി എക്‌സ്പ്രസില്‍ മൂന്ന് പെട്ടികളിലെത്തിയ കരിമീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും റെയില്‍വേയും ചേര്‍ന്ന് പിടികൂടി. സ്വിഫ്റ്റ് കിറ്റ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തി. മീനിലിട്ടിരുന്ന ഐസും പരിശോധിച്ചു. വിശദമായ
പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മൂന്ന് ട്രെയിനുകളില്‍ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ കെ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന . പ്രാഥമിക പരിശോധനയില്‍ മത്സ്യത്തില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്താനായില്ല. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെയെത്തിയ ചെന്നൈ എക്‌സ്പ്രസിലും പരിശോധന നടത്തി. പത്ത് കുട്ട ചെമ്മീന്‍ സ്വിഫ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു. ഇന്നെടുത്ത സാമ്പിളുകളുടെ ഫലം രണ്ട് ദിവസത്തിനകം എത്തും. വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.