ദ.കൊറിയന്‍ പ്രസിഡന്റിന് ഊഷ്മള വരവേല്‍പ്പ്; മോദി-മൂണ്‍ ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന്

Posted on: July 10, 2018 12:40 pm | Last updated: July 10, 2018 at 12:40 pm

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഉന്നിന് രാഷ്ട്രപതി ഭവനില്‍ ഗംഭീര വരവേല്‍പ്. ഭാര്യ കിം ജുങ് സൂകും ഉന്നിനൊപ്പമുണ്ട്. ഇരുവരെയും രാജ്യം ആചാരപരമായി വരവേറ്റു. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്‌നി സവിത കോവിന്ദ് എന്നിവരുമായി മൂണ്‍ കൂടിക്കാഴ്ച നടത്തി.

ഉച്ചഭക്ഷണത്തിന് ശേഷം ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂണ്‍ ജെ ഇന്നുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇവിടെ ഇന്ത്യസൗത്ത് കൊറിയ സിഇഒമാരുടെ വട്ടമേശ സമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും. വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ മൂണിനും അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥര്‍ക്കും രാംനാഥ് കോവിന്ദ് ഔദ്യോഗിക വിരുന്നൊരുക്കും തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് മടങ്ങും .

ഞായറാഴ്ചയായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് രാജ്യത്തെത്തിയത്.