അപകടത്തില്‍ മരിച്ചയാളുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി; എസ് ഐ വിജിലന്‍സ് പിടിയില്‍

Posted on: July 10, 2018 10:33 am | Last updated: July 10, 2018 at 10:33 am

അമ്പലപ്പുഴ: വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ എസ് ഐയെ വിജിലന്‍സ് സംഘം പിടികൂടി. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിംപറമ്പ് വീട്ടില്‍ എ എന്‍ കബീര്‍ (53) ആണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെ സ്റ്റേഷനിലെത്തിയാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഏപ്രില്‍ 11ന് കാക്കാഴം മേല്‍പ്പാലത്തില്‍ കന്യാകുമാരിയില്‍ നിന്നും കൊച്ചിയിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് വാനിലെ ഡ്രൈവര്‍ വിജയ കുമാര്‍ (35) മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരണപ്പെട്ട വിജയ കുമാറിന്റെ ബന്ധുവായ ബബീഷിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കബീറിനെതിരെ അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം വിജിലന്‍സ് ഓഫീസിലാണ് ബബീഷ് പരാതി നല്‍കിയത്. നഷ്ടപരിഹാര തുക കൂടുതല്‍ വാങ്ങി തരുന്ന രീതിയില്‍ കേസ് എഴുതാമെന്ന് പറഞ്ഞ് 3000 രൂപ ബബീഷില്‍ നിന്ന് കബീര്‍ നേരത്തെ വാങ്ങിയിരുന്നു. ഇതിന് ശേഷം അപകടത്തില്‍പ്പെട്ട മറ്റ് ആളുകളില്‍ നിന്നും 10000 രൂപ വീതം വാങ്ങി നല്‍കണമെന്നും പറഞ്ഞിരുന്നു.

തങ്ങളുടെ പക്കല്‍ പണമില്ലെന്നറിയിച്ചപ്പോള്‍ കബീര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും കേസിന്റെ കാര്യത്തിനായുള്ള രേഖകള്‍ തരില്ലെന്നും അറിയിച്ചു. തിങ്കളാഴ്ച 7000 രൂപയുമായി ആലപ്പുഴയില്‍ എത്തി രണ്ടാമത്തെ സിഗ്‌നലിനടുത്ത് നിന്നും വിളിക്കണമെന്ന് കബീര്‍ പറഞ്ഞതനുസരിച്ച് ബബീഷും സംഘവും എത്തി 7000 രൂപ നല്‍കി. ഈ പണവുമായി സ്റ്റേഷനിലെത്തി വിശ്രമിക്കുന്നതിനിടെയാണ് കബീറിനെ വിജിലന്‍സ് സംഘം പിടികൂടിയത്.

പണം അടങ്ങിയ പേഴ്‌സ് കബീറിന്റെ മേശപ്പുറത്ത് നിന്നും വിജിലന്‍സ് പിടികൂടി. വിജിലന്‍സ് നല്‍കിയ ഫിനോല്‍ഫലിന്‍ പുരട്ടിയ 2000 ത്തിന്റെ ഒരു നോട്ടും 500 ന്റെ 10 നോട്ടുമാണ് പഴ്‌സിലുണ്ടായിരുന്നത്. വിജിലന്‍സ് ഡിവൈ എസ് പി റക്‌സ് ഗോപി അരവി, ഇന്‍സ്‌പെക്ടര്‍മാരായ കെ എ തോമസ്, ഋഷികേശന്‍ നായര്‍, സനല്‍ കുമാര്‍, എന്‍ കെ ആന്റണി, ഭുവനേന്ദ്രദാസ് എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.